ലക്നോ: ലൈംഗികമായി പീഡിപ്പിക്കുകയും, വീഡിയോയിൽ പകർത്തിയെടുത്ത് ഭീഷണിപ്പെടുത്തുകയും ചെയ്തയാളെ പതിനഞ്ച്കാരൻ കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ മുസാഫർനഗറിലാണ് സംഭവം.
നിരന്തരമായി തന്നെ പീഡിപ്പിച്ച 50കാരനെയാണ് പതിനഞ്ചുകാരൻ കൊലപ്പെടുത്തിയത്. ഇയാളുടെ തലയിലും കഴുത്തിലുമാണ് പരിക്കേറ്റത്. കൊലപാതകത്തിന് ശേഷം കുട്ടി മൃതദേഹം വീട്ടിൽ ഉപേക്ഷിച്ച് സ്ഥലംവിട്ടു. പിന്നീട് വീട്ടുകാർ എത്തിയപ്പോഴാണ് 50കാരനെ മരിച്ച നിലയിൽ കണ്ടത്.
സംഭവത്തെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന് പിന്നിൽ 15 കാരനാണെന്ന് വ്യക്തമായത്. തുടർന്ന് ശനിയാഴ്ച പ്രതിയായ ആൺകുട്ടിയെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
കുട്ടിയെ ആഴ്ചകൾക്ക് മുമ്പാണ് 50കാരൻ ആദ്യമായി പീഡിപ്പിച്ചതെന്ന് പോലീസ് വ്യക്തമാക്കി. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ ഇയാൾ ഫോണിൽ പകർത്തുകയും ചെയ്തിരുന്നു. തുടർന്ന് ഈ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി കുട്ടിയെ ഇയാൾ ഉപദ്രവിക്കാനും തുടങ്ങി.
സംഭവദിവസവും ഇയാൾ കുട്ടിയെ സ്വന്തം വീട്ടിലേക്ക് ഭീഷണിപ്പെടുത്തിയാണ് വിളിച്ച് വരുത്തിയത്. തുടർന്ന് ഇയാൾ ഉപദ്രവിച്ചപ്പോഴാണ് കുട്ടി തിരിച്ച് ആക്രമിക്കാൻ തുടങ്ങിയതും. പ്രതിയായ പതിനഞ്ചുകാരനെ അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ ജുവനൈൽ ഹോമിലേക്ക് മാറ്റി.