വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ നിരവധി സംസ്ഥാനങ്ങളിൽ ചുഴലിക്കാറ്റ് വീശിയടിച്ചതിനെത്തുടർന്ന് ഒമ്പത് പേർ മരിച്ചതായി അധികൃതർ അറിയിച്ചു.
ടെക്സസ്, അർക്കൻസാസ്, ഒക്ലഹോമ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് അപകടമുണ്ടായത്. തെക്കൻ സമതല മേഖലയിൽ ശനിയാഴ്ച വൈകി ആരംഭിച്ച കൊടുങ്കാറ്റിനെത്തുടർന്ന് ലക്ഷക്കണക്കിന് ആളുകൾക്കു വൈദ്യുതിയില്ല. രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്.
ഡാളസിന് വടക്കുള്ള വാലി വ്യൂ ഏരിയയിൽ ചുഴലിക്കാറ്റ് വീശിയതിനെത്തുടർന്ന് അഞ്ചു പേർ മരിച്ചതായി പോലീസ് പറഞ്ഞു. മരണസംഖ്യ ഉയർന്നേക്കാമെന്ന് ആശങ്കയുണ്ട്. ഒക്ലഹോമയിലെ മെയ്സ് കൗണ്ടിയിൽ വീശിയടിച്ച ചുഴലിക്കാറ്റിലും വടക്കൻ അർക്കൻസാസിൽ ഇന്നലെ പുലർച്ചെയുണ്ടായ കൊടുങ്കാറ്റിലും രണ്ടുപേർ വീതം മരിച്ചതായി പ്രാദേശികഭരണകൂടം സ്ഥിരീകരിച്ചു.