അങ്കമാലി: കുപ്രസിദ്ധ ഗുണ്ടാനേതാവിന്റെ വിരുന്നിൽ പങ്കെടുത്ത് ഡിവൈഎസ്പിയും സംഘവും. ഗുണ്ട തമ്മനം ഫൈസലിന്റെ അങ്കമാലിയിലെ വീട്ടിലൊരുക്കിയ വിരുന്നിൽ പങ്കെടുക്കുന്നതിനാണ് ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം.ജി.സാബുവും മൂന്നു പോലീസുകാരും എത്തിയത്.
നാല് ദിവസം മാത്രമാണ് ഡിവൈഎസ്പി സാബുവിന് സർവീസ് ബാക്കിയുണ്ടായിരുന്നത്. സർവീസിൽനിന്ന് വിരമിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഡിവൈഎസ്പിക്ക് ഗുണ്ടയുടെ വിരുന്ന്.വിരമിക്കുന്നതിന് മുമ്പ് അദ്ദേഹത്തിന് സസ്പെൻഷൻ ലഭിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.
ഗുണ്ടാ നേതാക്കളുടെ വീട്ടിൽ നടത്തുന്ന ‘ഓപ്പറേഷൻ ആഗ്’ പരിശോധനയുടെ ഭാഗമായിട്ടാണ് അങ്കമാലി പോലീസ് തമ്മനം ഫൈസലിന്റെ വീട്ടിൽ എത്തിയത്. പരിശോധനക്കെത്തിയ അങ്കമാലി എസ്ഐയെ കണ്ടതോടെ ഡിവൈഎസ്പി ശുചിമുറിയിൽ ഒളിക്കുകയായിരുന്നു. അപ്പോഴാണ് സൽക്കാരത്തിന്റെ കാര്യം അങ്കമാലി പോലീസ് മനസിലാക്കിയത്.
പിടിക്കപ്പെടുമെന്ന് മനസിലായതോടെ ഡിവൈഎസ്പി എസ്ഐയെ വിരട്ടാൻ ശ്രമിച്ചു. തന്റെ കൂടെ വിരുന്നിനെത്തിയ മറ്റ് മൂന്ന് പോർ പോലീസുകാർ ആണെന്ന് മറച്ചു വയ്ക്കുകയും ചെയ്തു. അവർ തന്റെ സുഹൃത്തുക്കളാണെന്നാണ് ഡിവൈഎസ്പി പറഞ്ഞത്. തന്നെ പിടി കൂടാൻ എസ്ഐയ്ക്ക് അധികാരമില്ലന്ന് ഡിവൈഎസ്പി പറഞ്ഞു. എന്തെങ്കിലും ചെയ്യാൻ ഉണ്ടെങ്കിൽ ചെയ്തോളാൻ പറഞ്ഞാണ് അദ്ദേഹം ഗുണ്ടയുടെ വീട്ടിൽ നിന്നും മടങ്ങിയത്.