വാഗഡുഗു: പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ബുർക്കിന ഫാസോയിൽ പട്ടാളഭരണം അഞ്ചുവർഷത്തേക്കുകൂടി നീട്ടി. പട്ടാളഭരണകൂടമാണ് ഇക്കാര്യം അറിയിച്ചത്.
പട്ടാളഭരണാധികാരി ക്യാപ്റ്റൻ ഇബ്രാഹിം ട്രാവോറിന് അടുത്ത പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാനുമാകും. രണ്ടു വർഷം മുന്പ് അധികാരം പിടിച്ച ക്യാപ്റ്റൻ ട്രാവോർ ഈ ജൂലൈ ഒന്നിനകം ജനാധിപത്യഭരണം പുനഃസ്ഥാപിക്കുമെന്നു വാഗ്ദാനം ചെയ്തിരുന്നതാണ്.
എന്നാൽ, ജൂലൈ രണ്ടു മുതലുള്ള 60 മാസത്തേക്കുകൂടി പട്ടാളഭരണം നീട്ടുകയാണെന്ന അറിയിപ്പാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. അതിനു മുന്പ് രാജ്യം ജിഹാദി ഭീഷണിയിൽനിന്നു മുക്തമായാൽ തെരഞ്ഞെടുപ്പു നേരത്തേ നടത്തുമെന്നും കൂട്ടിച്ചേർത്തു. ബുർക്കിനാ ഫാസോ 2022 ജനുവരി മുതൽ പട്ടാളഭരണത്തിലാണ്.