ചാരുംമൂട്: വിദേശത്ത് പോകാൻ മാതാപിതാക്കളോട് യാത്ര ചോദിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു. മലയാള മനോരമ ചാരുംമൂട് റിപ്പോർട്ടർ ചുനക്കര പോണാൽ പടീറ്റതിൽ ജിയോ വില്ലയിൽ അനിൽ പി. ജോർജ്- ഓമന ദമ്പതികളുടെ മകൻ സ്വരൂപ് ജി. അനിൽ (29) ആണ് മരിച്ചത്.
ദുബായ് യുറാനസ് എയർകണ്ടിഷൻ റഫ്രിജറേഷൻ ട്രേഡിംഗ് കമ്പനി മാനേജിംഗ് പാർട്ണറായിരുന്നു. കഴിഞ്ഞ ദിവസം രാത്രി 1.30ന് വീട്ടിൽ വച്ചായിരുന്നു സംഭവം. പുലർച്ചെയുള്ള ദുബായ് യാത്രക്കായി ഒരുക്കങ്ങൾ നടത്തി മാതാപിതാക്കളോട് യാത്ര ചോദിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.
ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സംസ്കാരം വ്യാഴാഴ്ച രാവിലെ 11.30ന് ഭവനത്തിലെ ശുശ്രൂഷയ്ക്കു ശേഷം ചുനക്കര സെൻറ് തോമസ് മാർത്തോമ്മാ പള്ളിയിൽ.
സഹോദരൻ: വിവേക് ജി.അനിൽ (ദുബായ് സഹാറ ഗ്രൂപ്പ് കമ്പനി മാനേജിംഗ് പാർട്ണർ). വേൾഡ് കൗൺസിൽ ഓഫ് ചർച്ചസ് ഇന്റർനാഷനൽ അഫയേഴ്സ് മോഡറേറ്റർ ഡോ. മാത്യൂസ് ജോർജ് ചുനക്കരയുടെ സഹോദര പുത്രനാണ്.