ജോപ്പനെയും പുലിമുരുകനെയും ബാന്റുമേളത്തിന്റെ അകമ്പടിയോടെ സ്വീകരിച്ച് ഫാന്‍സുകാര്‍

fb-thoppilpuli

കോട്ടയം: നീണ്ട ഇടവേളയ്ക്കു ശേഷം മമ്മൂട്ടി- മോഹന്‍ലാല്‍ ചിത്രങ്ങള്‍ ഒരേ ദിവസം നിറഞ്ഞ സദസില്‍ പ്രദര്‍ശനം ആരംഭിച്ചു.  മലയാള സിനിമ കണ്ടതില്‍വച്ച് ഏറ്റവും കൂടുതല്‍ മുതല്‍മുടക്കിലൊരുക്കിയ ചിത്രമെന്ന ഖ്യാതിയോടെയാണ് മോഹന്‍ലാലിന്റെ പുലിമുരുകന്‍ തിയറ്ററില്‍ എത്തിയത്. വൈശാഖാണ് പുലിമുരുകന്റെ സംവിധായകന്‍.

മമ്മൂട്ടിയെ നായകനാക്കി തോപ്പില്‍ ജോപ്പന്‍ സംവിധാനം ചെയ്തത് ജോണി ആന്റണിയാണ്. ഇരുചിത്രങ്ങളും കോട്ടയത്തെ തിയറ്ററുകളില്‍ നിറഞ്ഞ സദസിലാണ് പ്രദര്‍ശനം ആരംഭിച്ചിരിക്കുന്നത്. മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും കൂറ്റന്‍ കട്ടൗട്ടുകളുടെയും ചെണ്ടമേളത്തിന്റെയും ബാന്റുമേളത്തിന്റെയും അകമ്പടിയോടെയാണ് ചിത്രങ്ങളെ ഫാന്‍സുകാര്‍ വരവേറ്റത്.

ഭൂരിഭാഗം രംഗങ്ങളും കാട്ടില്‍ ചിത്രീകരിച്ച സിനിമയാണ് പുലിമുരുകന്‍. ഉദയ്കൃഷ്ണ- സിബി കെ. തോമസ് കൂട്ടുകെട്ടിലെ ഉദയ്കൃഷ്ണ സ്വതന്ത്ര തിരക്കഥാകൃത്താകുന്ന ചിത്രമെന്ന പ്രത്യേകതയും പുലിമുരുകനുണ്ട്. ഷാജിയാണ് കാമറ. ജഗപതി ബാബു, സിദ്ദിഖ്, കമാലിനി മുഖര്‍ജി, നമിത, ബാല, സുരാജ് വെഞ്ഞാറമൂട് എന്നിവര്‍ക്കൊപ്പം ലാലും ചിത്രത്തിലുണ്ട്. മോഹന്‍ലാല്‍ തന്റെ അഭിനയജീവിതത്തില്‍ ഏറ്റവും കൂടുതല്‍ ദിവസങ്ങളെടുത്ത് ചെയ്ത സിനിമയെന്ന പ്രത്യേകതയും പുലിമുരുകനുണ്ട്.

കോമഡി എന്റര്‍ടെയ്‌നര്‍ –വിഭാഗത്തില്‍പ്പെട്ട സിനിമയാണ് തോപ്പില്‍ ജോപ്പന്‍. അടിക്ക് അടി, ഡാന്‍സിന് ഡാന്‍സ്, കോമഡിക്ക് കോമഡി, പാട്ടിനുപാട്ട്  എന്നിങ്ങനെ എല്ലാം ഒത്തു ചേര്‍ന്ന സിനിമ. മുഴുവന്‍ സമയ എന്‍റര്‍ടെയ്‌നര്‍ എന്ന നിലയിലാണ് തോപ്പില്‍ ജോപ്പന്‍ ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടി ജോപ്പന്‍ എന്ന അച്ചായന്‍ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ഒരിടവേളയ്ക്ക് ശേഷം അച്ചായന്‍ വേഷത്തില്‍ മമ്മൂട്ടി തകര്‍ത്തഭിനയിക്കുകയാണ് തോപ്പില്‍ ജോപ്പനില്‍.

വിദ്യാസാഗറാണ് സംഗീതം. തുറുപ്പുഗുലാന്‍, ഈ പട്ടണത്തില്‍ ഭൂതം, താപ്പാന തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും ജോണി ആന്റണിയും ഒന്നിക്കുന്ന ചിത്രവുമാണ് തോപ്പില്‍ ജോപ്പന്‍. ആസിഫ് അലി, ബിജു മേനോന്‍, ബാലു വര്‍ഗീസ് തുടങ്ങിയവര്‍ പ്രധാനകഥാപാത്രങ്ങളാകുന്ന ചിത്രം  കവി ഉദ്ദേശിച്ചത് നാളെയാണ് പ്രദര്‍ശനത്തിനെത്തുന്നത്. ആസിഫ് അലിയുടെ നേതൃത്വത്തിലുള്ള ആദംസ് വേള്‍ഡ് ഓഫ് ഇമാജിനേഷന്റെ ബാനറിലാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

Related posts