പന്തളം: പത്തനംതിട്ട ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ഡോ. തോമസ് ഐസക്കിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു തയാറാക്കിയ പോസ്റ്ററുകൾ കെട്ടുപൊട്ടിക്കാത്ത നിലയിൽ ആക്രിക്കടയിൽ തൂക്കിവിറ്റു. പ്രാദേശിക തലങ്ങളിൽ തെരഞ്ഞെടുപ്പ് പ്രചാരണാർഥം പാർട്ടിയുടെ മേൽഘടകങ്ങൾ നൽകിയ പോസ്റ്ററുകളാണ് പന്തളത്തെ ആക്രിക്കടയിൽ വിറ്റത്.
മുട്ടാർ മുസ്ലിം പള്ളിക്ക് സമീപമുള്ള ആക്രിക്കടയിലാണ് നാലു കെട്ട് പോസ്റ്ററുകൾ വിറ്റിരിക്കുന്നത്. ഇതു സംബന്ധിച്ച് എന്തെങ്കിലും പറയാൻ കടയിലെ ജോലിക്കാർ വിസമ്മതിച്ചു. അടൂർ നിയോജകമണ്ഡലം പരിധിയിലെ പ്രദേശമാണ് പന്തളം.
എൽഡിഎഫ് സ്ഥാനാർഥിയുടെ പ്രചാരണവുമായി ബന്ധപ്പെട്ട് അടൂർ മണ്ഡലത്തിലെ ഉന്നതനേതാക്കൾ അടക്കമുള്ളവർക്കെതിരേ ആക്ഷേപം ഉയർന്നിരുന്നു. ഇതിനിടെയാണ് പോസ്റ്റർ കച്ചവടം.
വിഭാഗീയത ഏറെ നിലനിൽക്കുന്ന പ്രദേശമാണ് പന്തളം. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലെ തോൽവിയെത്തുടർന്ന് ഏരിയാ സെക്രട്ടറിയെ മാറ്റുകയും അടൂരിൽനിന്നുള്ള ഹർഷകുമാറിന് ചുമതല നൽകുകയും ചെയ്തിരുന്നു.
താഴേത്തട്ടിൽ പ്രചാരണ പ്രവർത്തനത്തിൽ വീഴ്ചയുണ്ടായെന്ന വിമർശനം ജില്ലാ കമ്മിറ്റി യോഗത്തിലും ഉയർന്നിരുന്നു. അതിന്റെ പേരിൽ സെക്രട്ടേറിയറ്റ് യോഗത്തിൽ കയ്യാങ്കളിയും ഉണ്ടായതാണ്.