മലയാള സിനിമയിലെ കാസ്റ്റിംഗ് കൗച്ച് വിവാദങ്ങൾ കൊടുംപിരി കൊണ്ടിരിക്കുന്ന സമയത്ത് സംവിധായകൻ ഒമർ ലുലുവിനെതിരേ ബലാത്സംഗ കേസ്. യുവ നടിയുടെ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്.
സിനിമയിൽ അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത് നിരവധി തവണ പലസ്ഥലങ്ങളിൽ വച്ച് തന്നെ ബലാത്സംഗം ചെയ്തതെന്നാണ് നടിയുടെ പരാതി. സംഭവത്തില്‍ നെടുമ്പാശേരി പോലീസ് നടിയുടെ മൊഴി രേഖപ്പെടുത്തി.
കൊച്ചിയിൽ സ്ഥിര താമസമാക്കിയ യുവ നടിയാണ് ഒമർ ലുലുവിനെതിരേ പരാതിയുമായി പോലീസിനെ സമീപിച്ചത്. കൊച്ചി സിറ്റി പോലീസിന് നൽകിയ പരാതി പിന്നീട് നെടുമ്പാശേരി പോലീസിന് കൈമാറുകയായിരുന്നു.
ഒമർ ലുലുവിന്റെ മുൻ സിനിമയിലും പരാതിക്കാരി അഭിനയിച്ചിരുന്നു. അതേസമയം, നടിയുമായി തനിക്ക് നല്ല സൗഹൃദം ഉണ്ടായിരുന്നു എന്ന് ഒമർ പറഞ്ഞു. വാക്ക് തർക്കത്തെ തുടർന്ന് തങ്ങളുടെ സൗഹൃദത്തിന് വിള്ളൽ വീണിരുന്നു. ഇതേ തുടർന്നുണ്ടായ പകയാകാം ഇത്തരത്തിൽ പരാതി കൊടുക്കാൻ അവരെ പ്രോത്സാഹിപ്പിച്ചതെന്ന് ഒമർ ആരോപിച്ചു.
പരാതിക്കാരിക്ക് പിന്നിൽ ബ്ലാക്മെയിലിംഗ് സംഘം ഉണ്ടോ എന്ന് തനിക്ക് സംശയമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നടിയുടെ പരാതിയിൽ നെടുമ്പാശേരി പോലീസ് ഉടൻ ഒമർ ലുലുവിനെ ചോദ്യം ചെയ്യും.