പത്തനംതിട്ട: എസ്പിയായുള്ള സ്ഥാനക്കയറ്റം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് യാത്രയയപ്പ് വേണ്ടെന്നുവച്ച് അഡീഷണൽ എസ്പി. 31ന് സർവീസിൽനിന്നു വിരമിക്കാനിരിക്കുന്ന പത്തനംതിട്ട അഡീഷണൽ എസ്പി ആർ. പ്രദീപ് കുമാറാണ് സഹപ്രവർത്തകർ തനിക്കു നൽകുന്ന യാത്രയയപ്പ് വേണ്ടെന്ന് അറിയിച്ചത്.
ജില്ലാ പോലീസ് മേധാവി ഒരുക്കിയ യാത്രയയപ്പ് ചടങ്ങിൽനിന്നും അഡീഷണൽ എസ്പി വിട്ടുനിന്നിരുന്നു.ഇന്നു പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന യാത്രയയപ്പ് യോഗത്തിലും പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്.
സർവീസിൽനിന്നു വിരമിക്കുന്ന എല്ലാ ഉദ്യോഗസ്ഥർക്കും ഔദ്യോഗികമായി നൽകുന്ന യാത്രയയപ്പ് ചടങ്ങ് കൂടിയാണിത്. ചടങ്ങിൽ പങ്കെടുക്കില്ലെന്ന് അഡീഷണൽ എസ്പി ഭാരവാഹികളെ അറിയിക്കുകയും ചെയ്തു.
തനിക്കൊപ്പം സർവീസിൽ കയറിയ പലർക്കും എസ്പിമാരായി പ്രമോഷൻ ലഭിച്ചിട്ടും തന്നെ തഴഞ്ഞുവെന്നാണ് പ്രദീപ് കുമാർ സഹപ്രവർത്തകരോടു പങ്കുവച്ച സങ്കടം. കൊല്ലം പെരുങ്കുളം സ്വദേശിയാണ് ഇദ്ദേഹം.