എസ്‌ഐയുടെ മാനസിക പീഡനം: ജീവനൊടുക്കല്‍ ഭീഷണി മുഴക്കിയ വനിതാ സിപിഒ ജോലിക്കിടെ കുഴഞ്ഞുവീണു

fb-vanitha-police

മാവേലിക്കര: എസ്‌ഐയുടെ മാനസിക പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ഭീഷണി മുഴക്കിയ വനിതാ സിപിഒ ഗതാഗത നിയന്ത്രണ ജോലിക്കിടെ കുഴഞ്ഞു വീണു. മാവേലിക്കര പോലീസ് ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന സിന്ധു (39) ആണ് ഇന്നലെ വൈകുന്നേരം 3.30ഓടെ  മിച്ചല്‍ ജംഗ്ഷനില്‍ വീണത്. ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്കു രണ്ടോടെ ഡ്യൂട്ടിക്കെത്തിയ  ഇവര്‍ക്ക ഒന്നരമണിക്കൂര്‍ സമയം ഗതാഗതം നിയന്ത്രിച്ച ശേഷമാണ് തളര്‍ച്ച ഉണ്ടായത്. കഫക്കെട്ടിന്റെ അസുഖമുള്ള സിന്ധു ആയൂര്‍വേദ ചികിത്സയ്ക്കു ശേഷം ഈ മാസം രണ്ടിനാണ് ജോലിക്കു കയറിയത്.

ഇന്നലെ ശാരീരിക ബുദ്ധിമുട്ടുകള്‍ തോന്നിയതിനെ തുടര്‍ന്ന് ഉച്ചയ്ക്ക് ആശുപത്രിയില്‍ എത്തി പ്രഷര്‍ പരിശോധിക്കുകയും ഇസിജി എടുക്കുകയും ചെയ്തിരുന്നു. സിന്ധുവിനെ കഴിഞ്ഞ ദിവസം മുതലാണ് മിച്ചല്‍ ജംഗ്ഷനില്‍ ഗതാഗത നിയന്ത്രണത്തിന് നിയോഗിച്ചത്. ശാരീരിക ബുദ്ധിമുട്ടുകള്‍ അറിയാമായിരുന്നിട്ടും ഇത് അവഗണിച്ചായിരുന്നു എസ്‌ഐ നടപടിയെന്നും ആക്ഷേപമുണ്ട്.  കഴിഞ്ഞ ദിവസം ചെട്ടികുളങ്ങരയില്‍ ബഹളമുണ്ടാക്കിയ മാനസികരോഗിയായ സ്ത്രീയെ സ്കൂട്ടറില്‍ കൂട്ടിക്കൊണ്ടുവരാന്‍ സിന്ധുവിനോട് എസ്‌ഐ ആവശ്യപ്പെട്ടു. അവര്‍ പ്രശ്‌നമുണ്ടാക്കുമെന്നും ഒരു പുരുഷ പോലീസ് ഉദ്യോഗസ്ഥനെ ജീപ്പുമായി ഒപ്പം വിടണമെന്നും സിന്ധു ആവശ്യപ്പെട്ടെങ്കിലും എസ്‌ഐ തയാറായില്ല.

ഒറ്റയ്ക്കു പോകാന്‍ തയാറാവാതിരുന്ന സിന്ധുവിനോട് എസ്‌ഐ മോശമായി പെരുമാറുകയും ചെക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് സ്‌റ്റേഷനില്‍ ആത്മഹത്യാ ഭീഷണി മുഴക്കിയ ഇവര്‍ എസ്‌ഐയ്‌ക്കെതിരെ  സിഐയ്ക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യത്തില്‍ സിന്ധുവിനെ മിച്ചല്‍ ജംഗ്ഷനില്‍ ഗതാഗത നിയന്ത്രണത്തിന് നിയോഗിച്ചതായാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. എസ്‌ഐയുടെ പല നിലപാടുകള്‍ക്കെതിരെയും പോലീസുകാര്‍ക്കിടയില്‍ പ്രതിഷേധം ശക്തമാണ്.

കീഴുദ്യോഗസ്ഥരെ എസ്‌ഐ മാനസികമായി പീഡിപ്പിക്കുന്നതായും പരാതിയുണ്ട്. ഇതിനെ തുടര്‍ന്ന് അഡീഷണല്‍ എസ്‌ഐ അടക്കമുള്ള ഉദ്യോഗസ്ഥര്‍ നീണ്ട അവധിയെടുത്തു. ഒരു വിഭാഗം പോലീസുകാര്‍ക്ക് അമിതമായി ജോലി നല്‍കുകയും എസ്‌ഐയുടെ അടുത്ത ബന്ധു ഉള്‍പ്പെടെ മറ്റു ചിലര്‍ക്ക് സര്‍വ്വ സ്വാതന്ത്ര്യം നല്‍കുന്നതായും ആക്ഷേപമുണ്ട്.  ഒരു എസ്‌ഐ, മൂന്ന് അഡീഷണല്‍ എസ്‌ഐ, ഒരു ഗ്രേഡ് എസ്‌ഐ, മൂന്ന് എഎസ്‌ഐ, 65 പോലീസുകാര്‍ എന്നിവരാണ് സ്റ്റേഷനിലുള്ളത്. ഇതില്‍ ഭൂരിഭാഗം പേരും എസ്‌ഐയുടെ നിലപാടുകളില്‍ അസംതൃപ്തരാണ്.

എസ്‌ഐ നേരിട്ട് അന്വേഷിക്കേണ്ട കേസുകള്‍ പോലും എഎസ്‌ഐമാരെയും ഗ്രേഡ് എസ്‌ഐമാരെയും ചുമതലപ്പെടുത്തുന്നതെന്നും ആക്ഷേപമുണ്ട്. മാനസിക പീഢനത്താല്‍ മെഡിക്കല്‍ ലീവെടുത്ത ഒരു ഉദ്യോഗസ്ഥന്‍ കഴിഞ്ഞ ദിവസമാണ് ജോലിയില്‍ പ്രവേശിച്ചത്. മറ്റൊരു ഉദ്യോഗസ്ഥന്‍ കഴിഞ്ഞ ദിവസം മെഡിക്കല്‍ ലീവില്‍ പ്രവേശിച്ചിട്ടുണ്ട്. എസ്‌ഐയുടെ നടപടികള്‍ക്കെതിരെ ശക്തമായ പ്രതിഷേധമാണ് സ്റ്റേഷനില്‍ ഉയര്‍ന്നിരിക്കുന്നത്.

Related posts