കോട്ടയം: മീന്‍പിടിത്തം ഹൈടെക്കായിരിക്കുന്നു. വീശുവലയും തടവലയും കൂടും ചൂണ്ടയുമൊക്കെ പഴമക്കാര്ക്കുള്ളതാണ്. ഇപ്പോള്‍ വെടിവച്ചും എയ്തുമൊക്കെയാണ് ന്യൂജെന്‍ മീന്‍പിടിത്തം.
വിദേശനിര്‍മിത ഫിഷിംഗ് ഗണ്ണില്‍ വരാലിനെയും ചേറുമീനെയും പിടിക്കുന്നവര്‍ പലരാണ്. ഈ യന്ത്രത്തില്‍നിന്ന് ഷൂട്ട് ചെയ്താല്‍ മീനിനു നേരെ കൂര്‍ത്ത അമ്പ് തെറിച്ചുകൊള്ളും.
അമ്പേറ്റ മീനെ അമ്പുമായി ബന്ധിച്ച നൂലിലൂടെ ഇതേ ഗണ്ണില്‍ വലിച്ചെടുക്കാം. വരാല് തുടങ്ങിയ മത്സ്യം വെള്ളത്തിന്റെ പ്രതലത്തിലേക്ക് പൊങ്ങിവരുന്ന സമയം നോക്കി വേണം ഷൂട്ടിംഗ്.
മൂന്നു കിലോയോളം ഭാരമുള്ള ഗണ്ണിന് പന്തീരായിരം രൂപ വിലവരും.കാക്കയെയും മറ്റും എയ്തു പിടിക്കും വിധം മീനെ പിടിക്കുന്ന സ്ലിംഗ് ഷോട്ട് എന്ന ഉപകരണവും ഫാഷനായിരിക്കുന്നു. വെള്ളം കുറവുള്ള പാടങ്ങളിലും മറ്റും മീനിനെ എയ്തു പിടിക്കാൻ ഏറെപ്പേരുണ്ട്.