ആലപ്പുഴ: കെഎസ്യുവിന്റെ അറുപത്തിയേഴാമത് സ്ഥാപക ദിനത്തിൽ ഹൃദയാഹാരിയായ കുറിപ്പുമായി കെ. സി വേണുഗോപാൽ. 1989- ൽ കെഎസ്യു പ്രസിഡന്റ് ആയിരിക്കെ കെഎസ്യുവിന്റെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട പാഠപുസ്തക സമരം നടന്ന കാര്യം അദ്ദേഹം ഓർമിച്ചു.
ആയിരക്കണക്കിന് വിദ്യാർഥികൾ പങ്കെടുത്ത സെക്രട്ടറിയേറ്റ് മാർച്ചിനിടെ ലാത്തിച്ചാർജുണ്ടായി. അറസ്റ്റ് ചെയ്യപ്പെട്ടപ്പോൾ പതിവുപോലെ നന്ദാവനം പോലീസ് ക്യാംപിലേക്കാണ് അന്ന് കൊണ്ടുപോയത്.
അവിടെവെച്ച് നായനാരുടെ പോലീസ് നടത്തിയ ക്രൂരമർദനത്തിൽ കൊടിക്കുന്നിൽ സുരേഷും ബാബുപ്രസാദും ഷാനിമോളും ചെമ്പഴന്തി അനിലും സുജയുമടക്കം ഒട്ടേറെ നേതാക്കൾക്കും പ്രവർത്തകർക്കും പരിക്കേറ്റു.
തന്റെ രക്തത്തിൽ കുതിർന്ന ഷർട്ടുമായാണ് അന്ന് കെപിസിസി പ്രസിഡന്റായിരുന്ന എ.കെ ആന്റണി പത്രസമ്മേളനത്തിനെത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം…
ഐതിഹാസികമായ ഒട്ടേറെ സമര മുന്നേറ്റങ്ങളുടെ നീണ്ട ചരിത്രമുണ്ട് കേരളാ വിദ്യാർഥി യൂണിയൻ എന്ന കെ.എസ്യുവിന്. ഒരണ സമരമെന്ന ചരിത്രപോരാട്ടത്തിൽ നിന്ന് തുടങ്ങുന്നു കെ.എസ്യുവിന്റെ അവകാശപോരാട്ടങ്ങളുടെ യാത്ര. ഇന്ന് കെഎസ്യുവിന്റെ അറുപത്തിയേഴാമത് സ്ഥാപക ദിനമാണ്.
ഇപ്പോഴും ഞാൻ വളർന്നുവരുന്ന തലമുറയോട് പറയാറുണ്ട്, അടിമുടി കെ.എസ്യുക്കാരനാണ് ഞാനെന്ന്. ഇന്ന് എഐസിസി സംഘടനാ ജനറൽ സെക്രട്ടറിയായി നിൽക്കുമ്പോൾ പോലും വ്യക്തിപരമായി എന്നെ സഹായിക്കുന്നത് ആ പ്രസ്ഥാനം കേരളത്തിലുടനീളം നടത്തിയ പോരാട്ടങ്ങൾ ഇന്നുമെന്നെ ഹരം പിടിപ്പിക്കുന്നതുകൊണ്ടാണ്.
അതിൽ ഞാൻ അഭിമാനം കൊള്ളുന്നതുകൊണ്ടാണ്. ചരിത്രത്തിൽ ആദ്യമായി ഒരു ജനവിരുദ്ധ ഭരണകൂടത്തെ താഴെയിറക്കിയ ഏക വിദ്യാർഥി പ്രസ്ഥാനവും മറ്റൊന്നല്ല. 1989- ൽ ഞാൻ കെഎസ്യു പ്രസിഡന്റ് ആയിരിക്കെയാണ് കെഎസ്യുവിന്റെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട പാഠപുസ്തക സമരം നടക്കുന്നത്.
ആയിരക്കണക്കിന് വിദ്യാർഥികൾ പങ്കെടുത്ത സെക്രട്ടറിയേറ്റ് മാർച്ചിനിടെ ലാത്തിച്ചാർജുണ്ടായി. അറസ്റ്റ് ചെയ്യപ്പെട്ടപ്പോൾ പതിവുപോലെ നന്ദാവനം പോലീസ് ക്യാംപിലേക്കാണ് ഞങ്ങളെ കൊണ്ടുപോയത്. അവിടെവെച്ച് നായനാരുടെ പോലീസ് നടത്തിയ ക്രൂരമർദനത്തിൽ കൊടിക്കുന്നിൽ സുരേഷും ബാബുപ്രസാദും ഷാനിമോളും ചെമ്പഴന്തി അനിലും സുജയുമടക്കം ഒട്ടേറെ നേതാക്കൾക്കും പ്രവർത്തകർക്കും പരിക്കേറ്റു.
എന്റെ രക്തത്തിൽ കുതിർന്ന ഷർട്ടുമായാണ് അന്ന് കെപിസിസി പ്രസിഡന്റായിരുന്ന എ.കെ ആന്റണി പത്രസമ്മേളനത്തിനെത്തിയത്. കേരളത്തിലെ ഇടതുപക്ഷ സർക്കാരിന്റെ പതനം കുറിച്ചിട്ടാണ് നന്ദാവനത്തിന്റെ അലയടങ്ങിയത്.
ഇങ്ങനെ പ്രതിസന്ധിയുടെ കാലത്ത് പോലും പ്രത്യാശയുടെ രാഷ്ട്രീയം ഉയർത്തിപ്പിടിച്ചാണ് കെ.എസ് യു അന്നും ഇന്നും എന്നും കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹിക മണ്ഡലത്തിൽ നിറഞ്ഞുനിന്നത്, നിൽക്കുന്നത്.
ആ ചരിത്രവും യാഥാർഥ്യവും ഓർമകളിലും സിരകളിലും ഉൾക്കൊണ്ടാവണം ഓരോ പ്രവർത്തകനും കെഎസ്യുവിന്റെ ദീപശിഖാങ്കിത നീല പതാക കൈകളിലും ഹൃദയത്തിലുമേൽക്കാൻ. അപരവിദ്വേഷത്തിനോ അരാഷ്ട്രീയതയ്ക്കോ അരാജകത്വത്തിനോ സ്ഥാനമില്ലാത്ത കലാലയ സംസ്കാരം കെട്ടിപ്പടുക്കലാവണം ലക്ഷ്യം.
അതിനിടയിൽ സമൂഹത്തിന് മാതൃകയാകാൻ കഴിയുന്ന നിലയിലേക്ക് വളരണം. കെഎസ്യുവിന്റെ പൈതൃകവും സംസ്കാരവും ബലി കൊടുക്കുന്നത് സമാനതകളില്ലാത്ത നേട്ടങ്ങൾ ഈ നാടിന് നൽകിയ പ്രസ്ഥാനത്തോട് ചെയ്യുന്ന അനീതിയാണ്.
ഈ പ്രസ്ഥാനത്തെ ചങ്കിൽ ചേർത്തവർക്ക് അതിന് കഴിയില്ല. 67 വർഷത്തിനിടയിൽ സംഘടനാ പ്രവർത്തനത്തിനിടയിൽ രക്തസാക്ഷികളായവർ, വിട്ടുപിരിഞ്ഞവർ, മുറിപ്പാടുകളുമായി ഇന്നും ഈ സംഘടനയെ ഹൃദയത്തോട് ചേർത്തുനിർത്തുന്നവർ. അങ്ങനെ ഒരുപാടൊരുപാട് പേരുണ്ട്. അവരുടേതാണ് ഈ പ്രസ്ഥാനം. ഏവർക്കും ഹൃദയത്തിൽ നിന്ന് അഭിവാദനങ്ങൾ.