തൊടുപുഴ: ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാനും കേരളം ഇതേ ഭൂപ്രകൃതിയിൽ നിലനിൽക്കാനും മുല്ലപെരിയാറിൽ പുതിയ അണക്കെട്ട് അനിവാര്യമാണെന്ന് മുല്ലപ്പെരിയാർ സമരസമിതി ചെയർമാൻ ഫാ.ജോയി നിരപ്പേൽ. തമിഴ്നാടിന് വെള്ളവും കേരളത്തിന് സുരക്ഷയും എന്ന മുദ്രാവാക്യമുയർത്തി ഇന്ത്യൻ ആന്റി കറപ്ഷൻ മിഷന്റെ നേതൃത്വത്തിൽ തൊടുപുഴ സിവിൽ സ്റ്റേഷനു മുന്നിൽ നടത്തിയ ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലോകത്ത് ഏറ്റവും പഴക്കംചെന്നതും കാലാവധി കഴിഞ്ഞതുമായ ഏക ഭൂഗുരുത്വ അണക്കെട്ടാണ് മുല്ലപ്പെരിയാറിലേത്. 50 വർഷ ആയുസ് കൽപ്പിക്കപ്പെട്ട അണക്കെട്ട് 128 വർഷം കഴിഞ്ഞിട്ടും ഡീകമ്മീഷൻ ചെയ്യാൻ കഴിയാത്തത് കേരളത്തിന്റെ പരാജയമാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് ഷിബു കെ.തന്പി അധ്യക്ഷത വഹിച്ചു. സമാപന സമ്മേളനം ദേശീയ പ്രസിഡന്റ് അഡ്വ. ഡോ. രാജീവ് രാജധാനി ഉദ്ഘാടനം ചെയ്തു. ദേശീയ ചെയർമാൻ ഡോ. പി.ആർ.വി നായർ മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന ജനറൽ സെക്രട്ടറി പി.ടി ശ്രീകുമാർ, കെ.പി.ചന്ദ്രൻ, സന്തോഷ് കൃഷ്ണൻ, എ.എം.റെജിമോൻ, ഗിരിജാ ചന്ദ്രശേഖരൻ, സുജിത്ത് മണ്ണൂർക്കാവ്, ഇ. മനീഷ് കണ്ണൂർ, സണ്ണി പൗലോസ്, രാജു ചേർത്തല, വിപിൻ തോപ്പിൽ, പി.എം. സന്തോഷ്, പി അഞ്ജലി, നിഖിൽ ബാബു എന്നിവർ പ്രസംഗിച്ചു.