ചാത്തന്നൂർ: മധ്യവേനൽ അവധി കഴിഞ്ഞ് വിദ്യാലയ വർഷം ആരംഭിക്കുന്നതിന് മുന്നോടിയായി വിദ്യാർഥികൾക്ക് യാത്രാ സൗകര്യം ഒരുക്കാൻ കെ എസ് ആർ ടി സി. സ്കൂളുകൾ കോളജുകൾ തുടങ്ങി വിദ്യാഭ്യാസസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ക്രമീകരിച്ചിട്ടുള്ള മുഴുവൻ ഷെഡ്യൂളുകളും മുടക്കം കൂടാതെ നടത്തണമെന്ന് യൂണിറ്റ് മേധാവികൾക്ക് നിർദ്ദേശം നല്കിയിട്ടുണ്ട്.
ഡോക്കുകളിലുള്ള മുഴുവൻ ബസുകളും സർവീസ് യോഗ്യമാക്കുകയും ജീവനക്കാരുടെ അവധികൾ നിയന്ത്രിക്കുകയും വേണം.തിരക്കുള്ള സമയങ്ങളിൽ പ്രധാന കേന്ദ്രങ്ങളിൽ ഇൻസ്പെക്ടർമാരെ നിയോഗിച്ച് വിദ്യാർത്ഥികളുടെ യാത്രാ സൗകര്യം ഉറപ്പുവരുത്തണം. ബസുകളുടെ ചോർച്ച ഉൾപ്പെടെ അത്യാവശ്യം അറ്റകുറ്റപണികൾ ഉടൻ പൂർത്തിയാക്കണം.
വിദ്യാഭ്യാസസ്ഥാപനങ്ങളുടെ അക്കാദമിക് കലണ്ടറുകൾ യൂണിറ്റ് മേധാവികൾ കരസ്ഥമാക്കി അതിനനുസരിച്ച് സർവീസുകൾ ക്രമീകരിക്കണം.
വിദ്യാർത്ഥികളുടെ കൺസഷന് ആവശ്യമായ രേഖകൾ എന്തൊക്കെയാണെന്ന് വ്യക്തമായി രേഖപ്പെടുത്തി എല്ലാവർക്കും കാണത്തക്കവിധത്തിൽ ഡിപ്പോകളിൽ പ്രദർശിപ്പിക്കാനും ഫല പ്രദമായ രീതിയിൽ കൺസഷൻ കൗണ്ടറുകൾ പ്രവർത്തിപ്പിക്കണമെന്നും ഓപ്പറേഷൻസ് വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടർ നിർദ്ദേശിച്ചിട്ടുണ്ട്.
പ്രദീപ് ചാത്തന്നൂർ