തിരുവനന്തപുരം: സോഷ്യൽ മീഡിയയിലെ വ്യാജ സന്ദേശങ്ങളിൽ കുടുങ്ങി തട്ടിപ്പിനിരയാകരുതെന്ന മുന്നറിയിപ്പുമായി കേരള പോലീസ്. വീട്ടിലിരുന്ന് കൂടുതല്‍ പണം സമ്പാദിക്കാം എന്ന പേരില്‍ വരുന്ന വ്യാജ സന്ദേശങ്ങളില്‍ മിക്കതും വ്യാജമായിരിക്കും. ഇത്തരം വ്യാജ ജോലിവാഗ്ദാനങ്ങളോടു ശ്രദ്ധാപൂര്‍വം പ്രതികരിക്കണമെന്നും കേരള പോലീസ് ഫേസ്ബുക്ക് കുറിപ്പിൽ അറിയിച്ചു.
മൊബൈല്‍ ഫോണിലേക്കു സന്ദേശങ്ങള്‍ അയച്ചാണ് തട്ടിപ്പിന്റെ തുടക്കം. തുടക്കത്തില്‍ ചെറിയ ടാസ്ക് നല്‍കിയത് പൂര്‍ത്തീകരിച്ചാല്‍ പണം നല്കുമെന്നു പറയുകയും അതനുസരിച്ച് പണം നല്‍കുകയും ചെയ്യുന്നു.
പറഞ്ഞ പണം യഥാസമയം കിട്ടിയതില്‍ ആകൃഷ്ടനായ ഇര കൂടുതല്‍ പണം മുടക്കാന്‍ തയാറാകുന്നു. ഇര വലയില്‍ വീണെന്ന് മനസിലാക്കുന്ന തട്ടിപ്പുകാര്‍, ടാസ്കില് തുടര്‍ന്ന് പങ്കെടുക്കാന്‍ കൂടുതല്‍ പണം ചോദിക്കുന്നു.
ടാസ്ക് പൂര്‍ത്തീകരിച്ചാലും പണം തിരികെ നല്കാതിരിക്കുന്നതാണ് തട്ടിപ്പിന്റെ രീതി. ഈ സമയത്തിനുള്ളില്‍ വലിയൊരു തുക തട്ടിപ്പുകാര്‍ കൈക്കലാക്കിയിരിക്കും.
ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പിനിരയായാല്‍ ഒരുമണിക്കൂറിനകം തന്നെ വിവരം 1930 ല്‍ അറിയിക്കണമെന്ന് പോലീസ് പറയുന്നു. എത്രയും നേരത്തെ റിപ്പോര്‍ട്ട് ചെയ്താല്‍ തട്ടിപ്പിന് ഇരയായ വ്യക്തിക്കു നഷ്ടപ്പെട്ട തുക തിരിച്ചു ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www cybercrime gov.in എന്ന വെബ്സൈറ്റിലും പരാതി രജിസ്റ്റര്‍ ചെയ്യാം. പോലീസിന്റെ ഫേസ്ബുക്ക് കുറിപ്പ് പറയുന്നു.