കൊച്ചി: വ്യാജ രേഖകള്‍ നിര്‍മിച്ച് സപ്ലൈകോയില്‍ നിന്ന് ഏഴു കോടി രൂപ തട്ടിയെടുത്ത കേസില്‍ മുന്‍ അസിസ്റ്റന്റ് മാനേജര്‍ അറസ്റ്റില്‍. കടവന്ത്ര സപ്ലൈകോ ഔട്ട്ലെറ്റിലെ അസിസ്റ്റന്റ് മാനേജരായിരുന്ന സതീഷ് ചന്ദ്രനെയാണ് എറണാകുളം കടവന്ത്ര പോലീസ് അറസ്റ്റ് ചെയ്തത്. വ്യാജ പര്‍ച്ചേസ് ഓര്‍ഡര്‍ വഴി ഏഴ് കോടിയോളം രൂപ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. സപ്ലൈകോ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പിടികൂടിയത്.
കടവന്ത്ര ഔട്ട്ലെറ്റ് മാനേജര്‍ നല്കിയ പരാതിയില്‍ കേസെടുത്ത പോലീസ് സതീഷ് ചന്ദ്രനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഐപിസി 468, 469, 471 പ്രകാരവും ഐടി വകുപ്പിലെ 66 സി, 66 ഡി പ്രകാരവുമാണ് സതീഷ് ചന്ദ്രനെതിരേ കേസെടുത്തിട്ടുള്ളത്. കടവന്ത്ര സപ്ലൈകോ ഔട്ട്ലെറ്റിന്റെ വ്യാജ ലെറ്റര്‍ ഹെഡും ജിഎസ്ടി നമ്പറും ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. ഇയാള്‍ എട്ട് വര്‍ഷം മുമ്പ് സപ്ലൈകോയില്‍ നിന്ന് വിരമിച്ചതാണ്.
തട്ടിപ്പില്‍ സപ്ലൈകോ കടവന്ത്ര ഔട്ട്ലെറ്റിലെ മറ്റ് ജീവനക്കാര്‍ക്ക് പങ്കുണ്ടോയെന്ന് പോലീസ് പരിശോധിച്ച് വരികയാണ്. ജീവനക്കാരുടെ വിവരങ്ങള്‍ ശേഖരിച്ച പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.വ്യാജ പര്‍ച്ചേസ് ഓര്‍ഡര്‍ ഉണ്ടാക്കിയും ജിഎസ്ടി നമ്പര്‍ ദുരുപയോഗം ചെയ്തുമാണ് സതീഷ് തട്ടിപ്പ് നടത്തിയത്. 2023 നവംബര്‍ രണ്ടിനും കഴിഞ്ഞ ജനുവരി 10 നുമാണ് പ്രതി ഉത്തരേന്ത്യയിലെ കമ്പനികളുമായി കരാറില്‍ ഏല്പ്പെടുന്നതിന് സപ്ലൈകോയുടെ വ്യാജ രേഖ ഉപയോഗിച്ചത്.
മുംബൈയിലുള്ള ജീവാ ലൈഫ് സ്റ്റൈല്‍ പ്രൈവറ്റ് ലിമിറ്റഡ്, എസ്.എസ്. എമ്പെയര്, രാജസ്ഥാനിലുള്ള പട്ടോടിയ ബ്രദേഴ്സ് എന്നീ മൂന്ന് കമ്പനികളില്‍നിന്നും ചോളം വാങ്ങുന്നതിനായിരുന്നു ഇത്. സപ്ലൈകോയുടെ രണ്ട് ഒദ്യോഗിക മെയില്‍ ഐഡികളും ജിഎസ്ടി നമ്പറുമാണ് ഇതിനായി ഉപയോഗിച്ചത്. വ്യാജ പര്‍ച്ചേസ് ഓര്‍ഡര്‍ ആണ് ഇതിലൂടെ കൈമാറിയതും.
ഇത്തരത്തില്‍ വാങ്ങി. ചോളം പിന്നീട് മറിച്ച് വിറ്റ് ഏഴ് കോടി രൂപയോളം സതീഷ് കൈക്കലാക്കിയെന്നാണ് കണ്ടെത്തല്‍. വ്യാജ രേഖ ഉപയോഗിച്ചുള്ള ഇടപാടിന്റെ ബില്ലുകള്‍ സപ്ലൈകോയുടെ ജിഎസ്ടി അക്കൗണ്ടില്‍ എത്തിയതോടെയാണ് തട്ടിപ്പ് പുറത്തായത്. തുടര്‍ന്ന് സപ്ലൈകോയുടെ പരിശോധനയിലാണ് സതീഷ് ചന്ദ്രന്റെ കാലത്ത് നടന്ന തട്ടിപ്പ് കണ്ടെത്തിയത്.