ന്യൂയോര്‍ക്ക്: ബിസിനസ് രേഖകളിൽ കൃത്രിമം കാട്ടിയെന്ന കേസിൽ ആരോപിക്കപ്പെട്ട 34 കുറ്റങ്ങളിലും മുന്‍ അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കുറ്റക്കാരനെന്നു ന്യൂയോര്‍ക്ക് കോടതി. 12 അംഗ ജൂറി ഏകകണ്ഠമായാണു വിധി പ്രസ്താവിച്ചതെന്നു വാർത്താ ഏജൻസി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
ജൂലൈ 11ന് ശിക്ഷ വിധിക്കും. പരമാവധി നാല് വർഷത്തെ തടവ് ശിക്ഷയാണ് ഈ കുറ്റത്തിനു ലഭിക്കുക. ചെറിയ ശിക്ഷയോ പിഴയോ നൽകി ശിക്ഷ ചുരുക്കാറുമുണ്ട്.
പോൺതാരം സ്റ്റോമി ഡാനിയേൽസുമായുള്ള ബന്ധം മറച്ചുവയ്ക്കാൻ പണം നൽകിയെന്നും ഇതിനായി ബിസിനസ് രേഖകളിൽ കൃത്രിമം കാട്ടിയെന്നുമാണ് കേസ്. 2016ൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോഴാണ് പണം നൽകിയത്.
കുറ്റക്കാരനാണെന്നു കണ്ടെത്തിയതോടെ കുറ്റകൃത്യത്തിന് ശിക്ഷിക്കപ്പെട്ട ആദ്യത്തെ യുഎസ് പ്രസിഡന്റായി ട്രംപ് മാറി.
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് അഞ്ചുമാസം ശേഷിക്കെയാണ് കോടതി നടപടി. എന്നാൽ, നിലവിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിന് ട്രംപിന് തടസമില്ല. ഡെമോക്രാറ്റിക് പാർട്ടിയിൽ നിലവിലെ പ്രസിഡന്റ് ജോ ബൈഡനും റിപ്പബ്ലിക് പാർട്ടിയിൽ ട്രംപും പ്രസിഡന്റ് തെരഞ്ഞെടുപ്പിലേക്ക് സ്ഥാനാർഥിത്വം ഉറപ്പിച്ചിട്ടുണ്ട്.
അതേസമയം, യഥാർഥ വിധി നവംബർ അഞ്ചിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പുറത്തുവരുമെന്ന് 77 കാരനായ ട്രംപ് പ്രതികരിച്ചു. താൻ നിരപരാധിയാണെന്നും രാഷ്ട്രീയ എതിരാളിയെ നേരിടാനുള്ള ബൈഡന്റെ നീക്കമാണിതെന്നും അപ്പീൽ നൽകുമെന്നും ട്രംപ് പറഞ്ഞു. ആരും നിയമത്തിന് അതീതരല്ലെന്നായിരുന്നു ബൈഡന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ പ്രതികരണം.