കർണാടക: സര്‍ക്കാരിനും സിദ്ധരാമയ്യയ്ക്കും തനിക്കുമെതിരേ കേരളത്തിലെ ക്ഷേത്രത്തിൽ മൃഗബലി നടന്നുവെന്ന പരാമർശത്തിൽ നിന്ന് തെല്ലിടമാറാതെ ഡി. കെ ശിവകുമാർ. ജനങ്ങളുടെ പ്രാർഥന കൂടെയുണ്ട്, അവർ തന്നെ അനുഗ്രഹിക്കുമെന്നും ശിവകുമാർ പ്രതികരിച്ചു. ആരാണ് പൂജ ചെയ്തതെന്ന് കാലം തെളിയിക്കുമെന്ന് ഡി. കെ പറഞ്ഞു.
സര്‍ക്കാരിനും സിദ്ധരാമയ്യയ്ക്കും തനിക്കുമെതിരേ കേരളത്തില്‍ വച്ച് എതിരാളികള്‍ ശത്രുസംഹാര യാഗം നടത്തിയെന്നാണ് ഡി.കെ.ശിവകുമാര്‍ പറഞ്ഞത്. യാഗത്തിന്റെ ഭാഗമായി 21 ആടുകള്‍, അഞ്ച് പോത്തുകള്‍, 21 കറുത്ത ആടുകള്‍, അഞ്ച് പന്നികള്‍ എന്നിവയെ ബലി കൊടുത്തെന്നും ഡി.കെ ആരോപിച്ചു.
കർണാടക സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള പല നീക്കങ്ങളും നടക്കുന്നുണ്ട്. കേരളത്തിലെ ഒരു രാജരാജേശ്വര ക്ഷേത്രത്തിന് സമീപത്തുവച്ചാണ് തനിക്കും സിദ്ധരാമയ്യക്കും എതിരായി യാഗം നടന്നത്. ആരാണ് ഇത് ചെയ്യിച്ചതെന്ന് തനിക്ക് നന്നായി അറിയാം.
യാഗത്തില്‍ പങ്കെടുത്തയാളാണ് തനിക്ക് രഹസ്യ വിവരം നല്‍കിയത്. കര്‍ണാടകയില്‍ നിന്നുള്ള ആളുകളാണ് പൂജയ്ക്ക് പിന്നില്‍. അത് അവരുടെ വിശ്വാസമാണ്. അവര്‍ക്ക് ചെയ്യാവുന്നതെല്ലാം ചെയ്യട്ടെ.
താന്‍ ദൈവത്തില്‍ മാത്രം വിശ്വസിക്കുന്ന ആളാണ്. തനിക്ക് ഇതൊന്നും ഏല്‍ക്കില്ലെന്നും ഡി.കെ പ്രതികരിച്ചു. അതേസമയം 1968ല്‍ കേരളത്തില്‍ നിയമം മൂലം മൃഗബലി നിരോധിക്കപ്പെട്ടതാണ്. ഈ സാഹചര്യത്തിലാണ് അയല്‍സംസ്ഥാനത്തെ ഉപമുഖ്യമന്ത്രി തന്നെ കേരളത്തില്‍ മൃഗബലി നടന്നെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.