മിർസാപുർ/പാറ്റ്ന: ഉത്തരേന്ത്യയിൽ ഇന്നലെ സൂര്യഘാതമേറ്റു മരിച്ചത് 40 പേർ. ഇതിൽ 25 പേർ പോളിംഗ് ഉദ്യോഗസ്ഥരാണ്. യുപിയിൽ 17 പേരും ബിഹാറിൽ 14 പേരുമാണ് ഇന്നലെ മരിച്ചത്. ഒഡീഷ (അഞ്ച്), ജാർഖണ്ഡ്(നാല്) എന്നിങ്ങനെയാണു മറ്റു സംസ്ഥാനങ്ങളിലെ മരണം.
സൂര്യാഘാതമേറ്റ് 1300 പേർ ചികിത്സയിലാണ്. രാജസ്ഥാൻ, ഹരിയാന, പഞ്ചാബ്, ചണ്ഡിഗഡ്, ഡൽഹി, യുപി എന്നിവിടങ്ങളിലും ബിഹാറിന്റെയും മധ്യപ്രദേശിന്റെയും ചില ഭാഗങ്ങളിലും ഉഷ്ണതരംഗ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
വ്യാഴാഴ്ച ഒഡീഷ, ബിഹാർ, ജാർഖണ്ഡ്, യുപി സംസ്ഥാനങ്ങളിൽ സൂര്യാഘാതമേറ്റ് 23 പേർ മരിച്ചിരുന്നു. യുപിയിലെ മിർസാപുരിൽ 13 പോളിംഗ് ഉദ്യോഗസ്ഥർ സൂര്യഘാതമേറ്റ് മരിച്ചു. മരിച്ചവരിൽ ഏഴു ഹോം ഗാർഡുകളുണ്ട്.
കടുത്ത പനിയും ഉയർന്ന രക്തസമ്മർദവും അനുഭവപ്പെട്ടതിനെത്തുടർന്നാണ് പോളിംഗ് ഉദ്യോഗസ്ഥരെ മിർസാപുരിലെ മാ വിന്ധ്യാവാസിനി ഓട്ടോണമസ് സ്റ്റേറ്റ് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. ബിഹാറിൽ സൂര്യാഘാതമേറ്റു മരിച്ച 14 പേരിൽ പത്തു പേർ പോളിംഗ് ഉദ്യോസ്ഥരാണ്.