മലപ്പുറം: യൂത്ത് ലീഗ് പ്രവർത്തകന്റെ പേരിൽ വ്യാജ സ്ക്രീൻ ഷോട്ട് ഉണ്ടാക്കിയത് ആരായാലും അഴിയെണ്ണിപ്പിക്കുമെന്ന മുന്നറിയിപ്പുമായി യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ്.
വടകരയിൽ ‘കാഫിർ’ വ്യാജ സ്ക്രീൻ ഷോട്ട് ഉണ്ടാക്കി വർഗീയത ഉണ്ടാക്കാൻ ശ്രമിച്ച പ്രതികളെ പിടി കൂടാതെ ഒത്തു കളിക്കുന്ന പോലീസിനെതിരേ യൂത്ത് ലീഗ് പ്രവർത്തകൻ ഹൈക്കോടതിയിൽ ഹർജി നൽകിയ കാര്യം അദ്ദേഹം ഒന്നുകൂടി ഓർമിപ്പിച്ചു. വ്യാജ സ്ക്രീൻഷോട്ട് ഉണ്ടാക്കിയത് ആരായാലും ഇനി ചെവിയിൽ നുള്ളി കാത്തിരുന്നോ എന്നും ഫിറോസ് വെല്ലുവിളിച്ചു.
സമൂഹമാധ്യമങ്ങളിൽ തന്റെ പേരിൽ പ്രചരിച്ച സ്ക്രീൻ ഷോട്ട് വ്യാജമായി നിർമിച്ചതാണെന്നും ഇതിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് എംഎസ്എഫ് കോഴിക്കോട് ജില്ലാ സെക്രട്ടറി പി. കെ. മുഹമ്മദ് കാസിം ആണ് ഹർജി സമർപ്പിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ തലേന്നാണ് വടകര മണ്ഡലത്തിൽ ഇടതു സ്ഥാനാർഥിക്കെതിരേ ‘കാഫിർ’ പരാമർശമുൾപ്പെട്ട വ്യാജ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചത്.
ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഫിറോസിന്റെ പ്രതികരണം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം…
സഖാക്കൾ ശ്രദ്ധിച്ച് കേട്ടോളൂ…
വടകരയിൽ ‘കാഫിർ’ വ്യാജ സ്ക്രീൻ ഷോട്ട് ഉണ്ടാക്കി വർഗീയത ഉണ്ടാക്കാൻ ശ്രമിച്ച പ്രതികളെ പിടി കൂടാതെ ഒത്തു കളിക്കുന്ന പോലീസിനെതിരേ യൂത്ത് ലീഗ് പ്രവർത്തകൻ കാസിം ഇന്ന് ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്.
കോടതി പോലീസിന് നോട്ടീസും അയച്ചു. ഇനി ചെവിയിൽ നുള്ളി കാത്തിരുന്നോ! യൂത്ത് ലീഗ് പ്രവർത്തകന്റെ പേരിൽ വ്യാജ സ്ക്രീൻ ഷോട്ട് ഉണ്ടാക്കിയത് ആരായാലും അഴിയെണ്ണിപ്പിക്കും.