മലയാളികളുടെ മെഗാസ്റ്റാറാണ് മമ്മൂട്ടി. കാലമെത്ര കടന്നാലും ഈ പദവിക്ക് തെല്ലും മങ്ങലേൽക്കില്ല. ലോകമെന്പാടുമുള്ള മമ്മൂട്ടി ആരാധകർക്ക് സ്വന്തം ഇക്കയാണ് താരം. ഇപ്പോഴിതാ തനിക്ക് മെഗാസ്റ്റാർ പദവി നൽകിയത് ആരാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം. ഇൻസ്റ്റാഗ്രാം ഇൻഫ്ളൂവന്‍സർ ഖാലിദ് അൽ അമീറിയുമായി നടത്തിയ അഭിമുഖത്തിലാണ് ഇക്കാര്യത്തെ കുറിച്ച് മമ്മൂട്ടി പറഞ്ഞത്.
1987-ലാണ് ഒരു ഷോയ്ക്ക് വേണ്ടി ആദ്യമായി ദുബായിലേക്ക് പോകുന്നത്. അന്നവർ എനിക്കൊരു വിശേഷണം തന്നു. ‘ദി മെഗാസ്റ്റാർ’. എനിക്കാ വിശേഷണം തന്നത് ദുബായ് മാധ്യമങ്ങളാണ്. അല്ലാതെ ഇന്ത്യയിൽ നിന്നുള്ള ആരുമല്ല. ഞാൻ ദുബായിയിൽ എത്തിയപ്പോൾ അവരെഴുതി, ‘മെഗാസ്റ്റാർ മമ്മൂട്ടി” എന്ന് അദ്ദേഹം പറഞ്ഞു.
“ആളുകൾ നമ്മളോടുള്ള സ്നേഹം കൊണ്ടും ബഹുമാനം കൊണ്ടുമാകാം ഇത്തരത്തിലുള്ള വിശേഷണങ്ങൾ തരുന്നത്. ഞാനത് സ്വയം കൊണ്ട് നടക്കുന്നില്ല. അത് ആസ്വദിക്കുന്നതുമില്ല’. മമ്മൂക്ക എന്ന് വിളിക്കുന്നത് കേൾക്കാനാണ് ഏറ്റവും ഇഷ്ടമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.