റിയാദ്: സൗദി അറേബ്യയില്‍ വ്യാപാര സ്ഥാപനങ്ങള്‍ക്ക് പുതിയ പ്രവര്‍ത്തി സമയം വരുന്നു. സമയക്രമം നിശ്ചയിക്കുന്നതിനായി ശൂറാ കൗണ്‍സിലില്‍ ചര്‍ച്ച ആരംഭിച്ചു. സൗദിയിലെ വ്യാപാര സ്ഥാപനങ്ങള്‍ രാത്രി ഒമ്പത് മണിക്ക് തന്നെ അടക്കുന്ന നിയമം കൊണ്ട് വരുന്നതിനെ കുറിച്ച് തൊഴില്‍ സാമൂഹികകാര്യ മന്ത്രാലയം ബന്ധപ്പെട്ടവരുമായി ചര്‍ച്ചകള്‍ തുടരുകയാണ്. രാത്രി 9 മണിക്ക് കടകള്‍ അടയ്ക്കുന്ന നിയമം പ്രാബല്യത്തില്‍ വന്നാല്‍ രാത്രി നമസ്ക്കാരത്തിന് കടകള്‍ അടയ്ക്കുന്നത് അഞ്ച് മിനിട്ടായി കുറയ്ക്കാനാണ് സാധ്യത. നിലവില്‍ രാത്രി പന്ത്രണ്ടു മണിയോടെയാണ് സാധാരണ വ്യാപാര സ്ഥാപനങ്ങള്‍ അടയ്ക്കുന്നത്.
ഷോപ്പിംഗ് കോംപ്ലെക്‌സിനകത്തുള്ള സ്ഥാപനങ്ങള്‍ക്കും പുറത്തുള്ള സ്ഥാപനങ്ങള്‍ക്കും വ്യതസ്തമായ സമയം കൊണ്ട് വരുന്നത് സാധാരണ കച്ചവടക്കാരെ ബാധിക്കും. നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും ജീവിത ശൈലിക്കനുസരിച്ചാണ് പ്രവൃത്തി സമയം നിശ്ചയിക്കേണ്ടത്. പുതിയ പ്രവൃത്തി സമയം പ്രാബല്യത്തില്‍ വന്നാല്‍ പലരും നിക്ഷേപം പിന്‍വലിക്കാന്‍ സാധ്യതയുണ്ടെന്നും വ്യാപാരികള്‍ പറഞ്ഞു. നിലവില്‍ രാത്രി നിസ്കാരത്തിനായി കടകള്‍ 25 മുതല്‍ 40 മിനുട്ട് വരെ അടച്ചിടുന്നുണ്ട്.
രാത്രി നിസ്കാരത്തിനായി വ്യാപാര സ്ഥാപനങ്ങള്‍ അഞ്ചു മിനുട്ട് മാത്രം അടച്ചിട്ടാല്‍ മതിയെന്ന നിര്‍ദേശം തൊഴില്‍ സാമൂഹിക വികസന മന്ത്രാലയങ്ങള്‍ അംഗീകരിച്ചു. പുതിയ പ്രവൃത്തി സമയം നിലവില്‍വന്നാല്‍ നമസ്ക്കാരത്തിനായി കടകള്‍ അടക്കുന്ന സമയത്തിലും മാറ്റമുണ്ടാകും എന്നാണ് സൂചന.