ജിമ്മുകളിൽ നടക്കുന്ന അപകടങ്ങളുടെ വാർത്തകൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. അടുത്തിടെ ഒരു അഭിഭാഷകയ്ക്ക് ജിമ്മിൽ ഇത്തരത്തിൽ അപകടം സംഭവിച്ചു. ഇതിനെ തുടർന്ന് അവർക്ക് ഇനി ഒരിക്കലും നടക്കാൻ കഴിയില്ലെന്ന് ഡോക്ടർമാർ വിധിയെഴുതിയിരുന്നു. എന്നാൽ ശക്തമായ ഇച്ഛാശക്തിയും കഠിനാധ്വാനവും കൊണ്ട് ആ വിധിയെ തിരുത്തിയെഴുതി ബോഡി ബിൽഡിംഗ് ചാമ്പ്യനായിരിക്കുകയാണ് അവർ.
മാർസെലയുടെ ജീവിതം മാറ്റിമറിച്ച സംഭവമിങ്ങനെ… ഒരു ദിവസം മാർസെല മെൻഡസ് മാൻകുസോ(30) ജിമ്മിൽ വർക്ക്ഔട്ട് ചെയ്യുന്നതിനിടയിൽ ഒരു ബാറിൽ തലകീഴായി ഇരിക്കാൻ വേണ്ടി തൂങ്ങിക്കിടന്നു. ഇതിനിടെ മാർസെലയുടെ കാല് വഴുതി അവർ തറയിൽ വീണു. അപകടത്തിൽ അവളുടെ നട്ടെല്ല് തകർന്നു.
ഇത്തരം സന്ദർഭങ്ങളിൽ ആരോഗ്യം വീണ്ടെടുക്കാനുള്ള സാധ്യത വളരെ കുറവാണ്. എന്നാൽ പൂർണ ആരോഗ്യത്തോടെ തിരിച്ച് വരുന്നത് ഭാഗ്യത്തെ ആശ്രയിച്ചിരിക്കും. അടുത്തിടെ ഒരു അഭിമുഖത്തിലൂടെയാണ് മാർസെല തന്റെ അനുഭവം പങ്കുവച്ചത്. ബ്രസീലിലെ സാവോപോളോയിൽ നടന്ന അപകടത്തിന് ശേഷം കഴുത്തിന് താഴെ എന്താണ് സംഭവിക്കുന്നതെന്ന് അറിയാൻ കഴിയുന്നുണ്ടായിരുന്നില്ലെന്ന് മാർസെല പറഞ്ഞു. ഗുരുതരമായ ശസ്ത്രക്രിയ നടത്തേണ്ട അവസ്ഥ വരെ ഉണ്ടായി. സുഷുമ്നാ നാഡിയെ ബലപ്പെടുത്താൻ ഡോക്ടർമാർ ഒരു ടൈറ്റാനിയം പ്ലേറ്റും ആറ് സ്ക്രൂകളും മാർസെലയുടെ നട്ടെല്ലിൽ കയറ്റി. പക്ഷേ അവൾക്ക് ഇനി ഒരിക്കലും നടക്കാൻ കഴിയില്ലെന്ന് ഡോക്ടർമാർ അവളോടും അവളുടെ കുടുംബാംഗങ്ങളോടും പറഞ്ഞു.
വിരലുകൾ ചലിപ്പിക്കാൻ മാർസെല പാടുപെട്ടിരുന്നു. എന്നാൽ അവൾ പ്രതീക്ഷ അവൾ കൈവിട്ടില്ല. അങ്ങനെ പതിയെ പരിക്കിൽ നിന്ന് മാർസെല കരകയറാൻ തുടങ്ങി. അവൾ തന്റെ ചലനങ്ങൾ വീണ്ടും വീണ്ടും പരിശീലിച്ചു. തുടർന്ന് അവൾ അതിശയകരമായ മെച്ചപ്പെടുത്തലുകൾ കൊണ്ടുവന്നു. ഒടുവിൽ അവളുടെ വ്യായാമ ദിനചര്യ വീണ്ടും തുടരാൻ ജിമ്മിലേക്ക് മടങ്ങാനും തീരുമാനിച്ചു.
മാർസെല പ്രൊഫഷണൽ വെയ്റ്റ് ലിഫ്റ്റിംഗ് ആരംഭിച്ചത് രണ്ട് വർഷം മുമ്പാണ്. തുടർന്ന് സ്ഥിരമായി ജിമ്മിൽ പോകാൻ തുടങ്ങിയപ്പോൾ ജിം പരിശീലകൻ അവളോട് ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കണമെന്ന് നിർബന്ധിക്കുകയായിരുന്നു. തുടക്കത്തിൽ, അവൾക്ക് ഇക്കാര്യം അൽപ്പം വിചിത്രമായി തോന്നി. എന്നാൽ മാർസെലയുടെ പരിശീലകൻ അവളെ വളരെയധികം പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്തു. അങ്ങനെ കഠിന പരിശ്രമങ്ങളുടെ ഫലമായി മാർസെല തന്റെ ആദ്യ ചാമ്പ്യൻഷിപ്പിൽ വിജയിയായി. അതിനുശേഷം, മാർസെല നിരവധി ബോഡിബിൽഡിംഗ് മത്സരങ്ങളിലും പങ്കെടുത്തു. മൂന്ന് സ്വർണവും ഒരു കിരീടവും അവർ നേടിയിട്ടുണ്ട്.