നെയ്യാറ്റിൻകര: രോഗിയായ മകളുടെ കഴുത്തറത്ത വൃദ്ധമാതാവ് മണ്ണെണ്ണെയൊഴിച്ച് തീ കൊളുത്തി സ്വയം ജീവനൊടുക്കി. വഴുതൂർ റെയിൽവേ പാലത്തിനു സമീപം ലീല (75) യാണ് സ്വയം ജീവനൊടുക്കിയത്. മകൾ ബിന്ദു (55) ഗുരുതരാവസ്ഥയിൽ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്നലെ രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം. ഇന്നു രാവിലെ വിവരമറിഞ്ഞ സമീപവാസികളാണ് ബിന്ദുവിനെ ആശുപത്രിയിലെത്തിച്ചത്. ലീലയുടെ മൃതദേഹം കമിഴ്ന്ന് കിടക്കുന്ന നിലയിലാണ്. നെയ്യാറ്റിൻകര പോലീസ് സ്ഥലത്തെത്തി പരിശോധനകൾ നടത്തി.
മകൻ അനിൽ കുമാറിന്റെ മരണശേഷം ലീലയുടെ ഏക ആശ്രയം കുടുംബ പെൻഷനായിരുന്നു. മകളുടെ ചികിത്സാച്ചെലവും വീട്ടുകാര്യങ്ങളുമെല്ലാം കൂടി സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്നു ലീല എന്നു പറയുന്നു. തന്റെ കാലശേഷമുള്ള മകളുടെ പരിചരണവും ലീലയെ അലട്ടിയിരുന്നുവത്രെ.
ലീലയുടെ ഭർത്താവ് ആശുപത്രി ജീവനക്കാരനായിരുന്നു. ലീലയ്ക്ക് സിന്ധു എന്ന ഒരു മകൾ കൂടിയുണ്ട്. നേരത്തെ ജനറൽ ആശുപത്രിയിൽ ഒമ്പതാം വാർഡിൽനിന്നു ലീല മകളെ വീട്ടിലെത്തിച്ചത് കൗൺസിലർ അഡ്വ എൽ.എസ്. ഷീലയുടെ സഹായത്തോടെയായിരുന്നു. സ്വകാര്യ ആശുപത്രിയിലെ ചികിത്സ പിന്നീട് ബിന്ദുവിന് ലഭിച്ചു. വീട്ടിലായിരുന്നുവെങ്കിലും ലീല കൃത്യമായ പരിചരണം മകൾക്ക് നൽകിയിരുന്നു.