തിരുവനന്തപുരം:കർണാടകയിലെ കോൺഗ്രസ് സർക്കാരിനെ താഴെയിറക്കാൻ കേരളത്തിൽ മൃഗബലി നടത്തിയെന്ന കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിന്റെ ആരോപണത്തിൽ പ്രതികരണവുമായി ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്. ശിവകുമാര്‍ പറഞ്ഞ കാര്യങ്ങള്‍ അന്വേഷിച്ചുവെന്നും അങ്ങനെ ഒന്നും നടന്നിട്ടില്ലെന്നാണ് മനസിലാക്കിയതെന്നും മന്ത്രി കെ.രാധാകൃഷ്ണൻ പറഞ്ഞു.
ഡി.കെ. ശിവകുമാറിന്റെ ആരോപണം അന്വേഷിച്ചെന്നും ഇതുസംബന്ധിച്ച് രാജരാജേശ്വര ക്ഷേത്രം ദേവസ്വം ബോര്‍ഡുമായി ബന്ധപ്പെട്ട് സംസാരിച്ചുവെന്നും മന്ത്രി പറഞ്ഞു. ക്ഷേത്രത്തിലോ പരിസരത്തോ അങ്ങനെ ഉണ്ടായിട്ടില്ല എന്നാണ് റിപ്പോര്‍ട്ട് കിട്ടിയതെന്നും എന്തുകൊണ്ടാണ് ശിവകുമാർ അത് പറഞ്ഞതെന്ന് പരിശോധിക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
വേറെ എവിടെയെങ്കിലും മൃഗബലി നടന്നിട്ടുണ്ടോ എന്നതും അന്വേഷിക്കുന്നുണ്ട്. പ്രാഥമിക അന്വേഷണത്തില്‍ ഒന്നും കണ്ടെത്താനായിട്ടില്ലെന്നും മന്ത്രി കെ.രാധാകൃഷ്ണന് പറഞ്ഞു.അതേസമയം തളിപ്പറന്പ് രാജരാജേശ്വര ക്ഷേത്രത്തിൽ മൃഗബലി നടന്നെന്നു പറഞ്ഞിട്ടില്ലെന്ന് ഡി.കെ. ശിവകുമാർ ഫേസ്ബുക്കിൽ കുറിച്ചു.
കേരളത്തിലെ ക്ഷേത്രത്തിൽ മൃഗബലി നടന്നിട്ടില്ലെന്നും തന്റെ വാക്കുകൾ വളച്ചൊടിച്ചെന്നും ശിവകുമാർ പറഞ്ഞു. കണ്ണൂർ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിന് 15 കിലോമീറ്റർ അകലെയുള്ള സ്വകാര്യസ്ഥലത്താണു പൂജ നടന്നത്. സ്ഥലം വ്യക്തമാകാൻവേണ്ടിയാണ് ക്ഷേത്രത്തിന്റെ പേരു പറഞ്ഞത്. രാജരാജേശ്വര ക്ഷേത്രത്തിൽ പലതവണ വന്നുതൊഴുത ഭക്തനാണ് താനെന്നും ഫേസ്ബുക്കിൽ പങ്കുവച്ച വിഡിയോയിൽ ശിവകുമാർ വ്യക്തമാക്കി.
കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ തകര്‍ക്കാനുളള ശ്രമത്തിന്റെ ഭാഗമായി കേരളത്തിൽ മൃഗബലി നടന്നുവെന്നായിരുന്നു നേരത്തെ ശിവകുമാർ ആരോപിച്ചത്. കര്‍ണാടക സര്‍ക്കാരിനെതിരെ കേരളത്തില്‍ ഗൂഢാലോചന നടക്കുന്നുണ്ട്. ആരാണ് യാഗം നടത്തിയത്, ആരൊക്കെയാണ് അതില്‍ പങ്കെടുത്തത്, ആരാണ് ഇതിന് പിന്നിലെന്ന് തനിക്ക് അറിയാമെന്നും ശിവകുമാര്‍ പറഞ്ഞിരുന്നു.
കേരളത്തിലെ രാജ രാജേശ്വര ക്ഷേത്രത്തിന് സമീപത്തെ ഒറ്റപ്പെട്ട സ്ഥലത്ത് ശത്രുക്കളെ ഇല്ലാതാക്കാന്‍ ശത്രു ഭൈരവിയാഗം (അഗ്നിബലി), പഞ്ചബലി എന്നീ കര്‍മങ്ങളാണ് നടത്തിയത്. ആട്, 21 എരുമകള്‍, മൂന്ന് കറുത്ത ആടുകള്‍, അഞ്ച് പന്നികള്‍ എന്നിവ അഗ്നിയാഗത്തിനായി ഉപയോഗിച്ചു. പൂജകള്‍ക്കായി ശത്രുക്കള്‍ അഘോരികളെയാണ് സമീപിക്കുന്നത്. യാഗങ്ങള്‍ ഇപ്പോഴും നടക്കുന്നുണ്ടെന്നും അതില്‍ പങ്കെടുത്തവരില്‍നിന്ന് തനിക്ക് അതിനെക്കുറിച്ച് വിവരങ്ങള്‍ ലഭിക്കുന്നുണ്ടെന്നും ശിവകുമാര്‍ നേരത്തെ അവകാശപ്പെട്ടിരുന്നു.