തിരുവനന്തപുരം: സംസ്ഥാന സർക്കാർ പുറത്തിറക്കിയ മൂന്നാം ക്ലാസ് പാഠപുസ്തകമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. അമ്മയാണ് വീടിന്റെ വിളക്കെന്ന് പറയുന്പോഴും അടുക്കളയാണ് അമ്മയുടെ ലോകമെന്ന് ധരിക്കുന്നൊരു സമൂഹമായിരുന്നു നമുക്കുണ്ടായിരുന്നത്.
എന്നാൽ അതിൽ നിന്നെല്ലാം കാലമെത്ര വിദൂരമായെന്ന് കാണിച്ച് തരികയാണ് മൂന്നാം ക്ലാസിലെ പാഠ പുസ്തകം. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി തന്റെ ഫേസ്ബുക്കിലൂടെ പാഠപുസ്തകത്തിലെ ചിത്രം പങ്കുവച്ചതോടെ സൈബറിടങ്ങളിൽ അത് വലിയ ചർച്ചയായി.
അടുക്കള ജോലിയിൽ അമ്മയ്ക്കൊപ്പമിരിക്കുന്നു സഹായിക്കുന്ന അച്ഛനെയാണ് ചിത്രത്തിൽ കാണുന്നത്. അമ്മ ഭക്ഷണം പാകം ചെയ്യുന്നു കുട്ടികൾ അച്ഛനെയും അമ്മയേയും സഹായിക്കുന്നു. മാതാപിതാക്കളെ കാണ്ടാണ് കുട്ടികൾ വളരുന്നതെന്ന് പറയാറില്ലേ.
വീടാണ് നമ്മുടെ കുഞ്ഞുങ്ങളുടെ ആദ്യ പാഠശാലയെന്ന് അക്ഷരാർഥത്തിൽ പറയാം. അതുകൊണ്ട് തന്നെ നല്ല സമൂഹത്തെ വാർത്തെടുക്കാൻ മാതാപിതാക്കൾ ഒന്നിച്ചു നിൽക്കണം.
അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് സ്ത്രീകളെ കൈ പിടിച്ചുയർത്തുന്നതിന് എല്ലാവരും തുല്യരാണെന്ന ബോധം എല്ലാ ആളുകളിലും ഉണ്ടാകണം. അടുക്കള സ്ത്രീകൾക്ക് മാത്രം അവകാശപ്പെട്ടതല്ല. പുരുഷൻമാർക്കു കൂടിയുള്ളതാണ് എന്ന് കാണിച്ച് തരുന്നതാണീ ചിത്രം.