വിമാനത്തിൽ യാത്ര ചെയ്യുമ്പോൾ പോകുന്ന രാജ്യങ്ങളുടെ നിയമങ്ങളെക്കുറിച്ചും യാത്രക്കാർ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കിൽ ഈ ഇന്തോനേഷ്യക്കാരന് സംഭവിച്ചത് പോലെയാകും. ഹോങ്കോംഗ് വഴി തായ്വാനിലേക്ക് പോകുകയായിരുന്നു ഇയാൾ. ഈ സമയത്ത് ഒരു നിരോധിത വസ്തു കൈവശം വച്ചതിന് അഞ്ച് ലക്ഷം രൂപയാണ് ഇയാൾക്ക് പിഴ ചുമത്തിയത്.
തായ്പേയ് വിമാനത്താവളത്തിലെത്തിയ യാത്രക്കാരൻ ലഗേജ് പരിശോധനയ്ക്കായി എത്തിയപ്പോൾ എയർപോർട്ട് അധികൃതരുടെ സംഘത്തിലെ പരിശീലനം ലഭിച്ച നായ ബാഗിൽ മണംപിടിച്ചു. തുടർന്നുള്ള പരിശോധനയിൽ ഇയാളുടെ ലഞ്ച് ബോക്സിൽ നിന്ന് വറുത്ത പന്നിയിറച്ചിയും സോയ സോസും ഉണ്ടെന്ന് കണ്ടെത്തിയ സുരക്ഷാ സേന ഇയാളെ തടഞ്ഞു നിർത്തുകയും ചെയ്തു. തായ്വാനിൽ പന്നിയിറച്ചിയും സോയ സോസും നിരോധിച്ചതായി യാത്രക്കാരന് അറിവുണ്ടായിരുന്നില്ല.
നിരോധിത വസ്തു കൊണ്ടുവന്നതിനെ തുടർന്ന് യാത്രക്കാരനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. രാജ്യത്തെ നിയമമനുസരിച്ച്, യാത്രക്കാരന് 48,430 ഹോങ്കോംഗ് ഡോളർ പിഴ ചുമത്തി. ഇത് ഇന്ത്യൻ കറൻസിയിൽ ഏകദേശം 5 ലക്ഷം രൂപ വരും. പിഴയടയ്ക്കാൻ ഇയാൾക്ക് കഴിഞ്ഞില്ലെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഉടൻ തന്നെ ഇയാളെ ഹോങ്കോങ്ങിലേക്ക് അയച്ചു. ഹോങ്കോങ്ങിൽ തിരിച്ചെത്തുമ്പോൾ ആദ്യം പിഴ അടക്കണമെന്നാണ് ഇയാൾക്ക് നൽകിയ നിർദേശം. പിഴയടക്കാതെ നാട്ടിലേക്ക് പോകാനാകില്ല.
2018 ലെ നിയമ ഭേദഗതിക്ക് ശേഷം, തായ്വാനിലേക്ക് പന്നിയിറച്ചി ഇറക്കുമതി ചെയ്യുന്നത് ശിക്ഷാർഹമായ കുറ്റമാണ്. അക്കാലത്ത് ആഫ്രിക്കയിൽ നിന്ന് പന്നിയിറച്ചി ഇറക്കുമതി ചെയ്തതിനാൽ പന്നിപ്പനി രാജ്യത്തുടനീളം പടർന്നു. തായ്വാനിൽ പന്നിയിറച്ചി കൊണ്ടുപോകുന്ന ഒരാൾക്ക് അഞ്ച് ലക്ഷം രൂപയാണ് പിഴ. പിടിക്കപ്പെട്ടതിന് ശേഷം ആരെങ്കിലും രണ്ടാം തവണ കൊണ്ടുപോകാൻ ശ്രമിച്ചാൽ ഒരു മില്യൺ തായ്വാൻ ഡോളർ തുക പിഴ ചുമത്തും.