കണ്ണൂര്‍: കണ്ണൂരിലെ പരിപാടിയില്‍ പങ്കെടുക്കാനുള്ള യാത്രയ്ക്കിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഔദ്യോഗികവാഹനം ഉപേക്ഷിച്ച് യാത്രചെയ്തു. മാവിലായിയിലെ എകെജി നഴ്‌സിംഗ് ഹോസ്റ്റലിന്റെ ഉദ്ഘാടനം കഴിഞ്ഞ് അഞ്ചരക്കണ്ടി ഫാര്‍മേഴ്‌സ് ബാങ്കിന്റെ വിപുലീകരിച്ച നാളികേര സംസ്കരണ ഫാക്ടറിയുടെ ഉദ്ഘാടനത്തിന് പോകുന്നതിനിടെ ചക്കരക്കല്ലില്‍ വച്ചാണ് മുഖ്യമന്ത്രി ഔദ്യോഗികവാഹനത്തില്‍നിന്നിറങ്ങി മറ്റൊരു വാഹനത്തില്‍ യാത്ര തുടര്‍ന്നത്.
സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന്റെ ഇന്നോവയിലായിരുന്നു പിന്നീട് മുഖ്യമന്ത്രിയുടെ യാത്ര. ഔദ്യോഗികവാഹനത്തിന്റെ എന്‍ജിന്‍ തകരാറിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി മറ്റൊരു വാഹനത്തില്‍ യാത്ര ചെയ്തതെന്നാണ് പോലീസിന്റെ വിശദീകരണം. എന്നാല്‍ സുരക്ഷാക്രമീകരണത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ യാത്രാവാഹനം വഴിയില്‍ വച്ച് മാറ്റിയതാണെന്നും സൂചനയുണ്ട്.
യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞ് മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചേക്കാനുള്ള സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണവിഭാഗം റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതേതുടര്‍ന്ന് മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളിലും യാത്ര ചെയ്യുന്ന മേഖലയിലും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. എസ്പി സഞ്ജയ് കുമാര്‍ ഗുരുഡിന്‍, ഡിവൈഎസ്പിമാരായ പി.പി. സദാനന്ദന്‍, പ്രജീഷ് തോട്ടത്തില്‍ എന്നിവരുടെ നേതൃത്വത്തിലാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. എആര്‍, ക്യുആര്‍ടി വിഭാഗങ്ങളെയും വിന്യസിച്ചിട്ടുണ്ട്.