പയ്യന്നൂര്‍: ആര്‍എസ്എസ് പയ്യന്നൂര്‍ മണ്ഡലം കാര്യവാഹകിന്റെ വാഹനം കത്തിച്ച കേസില്‍ പ്രതിയായ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കോടതി വെറുതെ വിട്ടു. പ്രോസിക്യൂഷന്റെ തെളിവുകള്‍ അപര്യാപ്തമെന്ന് കണ്ടതിനെ തുടര്‍ന്നാണ് കരിവെള്ളൂര്‍ പെരളത്തെ പി.വി. രമേശനെ കോടതി വെറുതെ വിട്ടത്.
ആര്‍എസ്എസ് മണ്ഡലം കാര്യവാഹക് ആയിരുന്ന പേരളം ചീറ്റയിലെ എം.വി. സത്യന്റെ വീട്ടുപറമ്പില്‍ രാത്രി അതിക്രമിച്ചു കയറി വീടിനു മുന്നില്‍ നിര്‍ത്തിയിട്ട അംബാസിഡര്‍ കാര്‍ രമേശനും മറ്റൊരാളും ചേര്‍ന്ന് കത്തിച്ചുവെന്നും ഇതിനുശേഷം ഇവര്‍ ഓടിപ്പോകുന്നത് കണ്ടുവെന്നുമായിരുന്നു പരാതി.
രമേശനാണ് കാര്‍ കത്തിച്ചതെന്നു കണ്ടെത്തുന്നതിനു പ്രോസീക്യൂഷന് നിര്‍ത്തിയ തെളിവുകള്‍ അപര്യാപ്തമാണെന്നും രാഷ്ട്രീയ വൈരാഗ്യം കൊണ്ട് മാത്രമാണ് ബ്രാഞ്ച് സെക്രട്ടറിയും പഞ്ചായത്ത് മെംബറുമായ രമേശനെ പ്രതി ചേര്‍ത്തതെന്നുമുള്ള പ്രതിഭാഗം വാദം സ്വീകരിച്ച് പയ്യന്നൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് പ്രതിയെ വെറുതെ വിടുകയായിരുന്നു. പ്രതിഭാഗത്തിനായി അഡ്വ. ടി.വി. വിനീഷ് ഹാജരായി.