രാജസ്ഥാൻ: ഭാരതത്തിന്റെ ദേശീയ മൃഗമാണ് കടുവ. കടുവാ കുഞ്ഞുങ്ങൾ പിറന്നു വീണ സന്തോഷത്തിലാണ് രാജസ്ഥാനിലെ ദേശീയോധ്യാനമായ സരിസ്ക.
നാലു കടുവാ കുഞ്ഞുങ്ങളാണ് പുതിയതായി പിറന്നു വീണത്. അതോടെ സങ്കേതത്തിൽ കടുവകളുടെ എണ്ണം 40 ആയി. ഇന്ത്യൻ ഫോറസ്റ്റ് ഓഫീസർ പർവീൺ കസ്വാൻ കടുവാ കുഞ്ഞുങ്ങളെത്തിയ സന്തോഷം പ്രകടിപ്പിച്ച് എക്സിൽ അമ്മ കടുവയുടേയും കുഞ്ഞുങ്ങളുടേയും ചിത്രം പങ്കുവച്ചു.
എസ്ടി 22 എന്ന കടുവയാണ് നാലു കുഞ്ഞുങ്ങൾക്കു ജന്മം നല്കിയിരിക്കുന്നത്. പുതിയ അതിഥികളെ സ്വാഗതം ചെയ്തുകൊണ്ടു മുഖ്യമന്ത്രി ഭജൻലാൽ ശർമ എക്സിൽ വീഡിയോ പങ്കുവച്ചു.
‘എസ്ടി 12’ എന്ന കടുവയുടെ നാലാമത്തെ കുട്ടിയും കാമറ ട്രാപ്പിൽ പതിഞ്ഞിട്ടുണ്ടെന്നും മാർച്ചിൽ അവളുടെ മൂന്ന് കുഞ്ഞുങ്ങളെ കണ്ടതായും കുഞ്ഞുങ്ങളുടെ വീഡിയോ പങ്കുവച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
2008 മുതലാണ് കടുവകളെ പുനരധിവസിപ്പിച്ചത്. അതിനു ശേഷം ‘എസ്ടി 12’ എന്ന കടുവയാണ് ആദ്യമായി പ്രസവിച്ചത്. വേഗതയുടെയും ശക്തിയുടെയും പ്രതീകമായ കടുവയുടെ സംരക്ഷണത്തിനും അവയ്ക്കായി സന്തുലിത ആവാസവ്യവസ്ഥ നിലനിർത്തുന്നതിനും ഞങ്ങളുടെ സർക്കാർ പൂർണമായും പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു