ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം ഔദ്യോഗികമായി പുറത്തുവരുന്നതിന് മുമ്പുതന്നെ അടുത്ത സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിനുള്ള ഒരുക്കങ്ങൾ രാഷ്ട്രപതി ഭവനിൽ ആരംഭിച്ചു.
സത്യപ്രതിജ്ഞ ചടങ്ങ് നടക്കുന്ന ദിവസം രാഷ്ട്രപതി ഭവൻ അലങ്കരിക്കുന്നത് ആവശ്യമായ പുഷ്പങ്ങളും ചെടികളും സപ്ലൈ ചെയ്യുന്നതിനുള്ള ടെണ്ടർ ക്ഷണിച്ചു. ഏകദേശം 21.97 ലക്ഷം രൂപയുടെ പുഷ്പങ്ങളും ചെടികളുമാണ് അലങ്കാരത്തിന് ആവശ്യമായി വരുന്നത്.
സത്യപ്രതിജ്ഞ ചടങ്ങ് രാഷ്ട്രപതി ഭവന് പുറത്തുനടത്താൻ നേരത്തെ ആലോചിച്ചിരുന്നു. എന്നാൽ ഡൽഹിയിലെ കാലാവസ്ഥ ഉൾപ്പെടെ ഒൻപതിനു വൈകിട്ട് സത്യപ്രതിജ്ഞ ചടങ്ങ് നടത്താനാണ് ഇപ്പോഴത്തെ ആലോചന.
അതേസമയം, നരേന്ദ്ര മോദി സർക്കാർ തുടർച്ചയായി മൂന്നാം തവണയും അധികാരത്തിൽ വരുമെന്ന് ഉറപ്പിച്ച ബിജെപി സത്യപ്രതിജ്ഞ ചടങ്ങ് നടക്കുന്ന ദിവസം ഡൽഹിയിൽ രാഷ്ട്രീയചടങ്ങ് കൂടി സംഘടിപ്പിക്കാനുള്ള തയാറെടുപ്പിലാണ്. കർത്തവ്യപഥിലോ ഭാരത് മണ്ഡപത്തിലോ ആയിരിക്കും രാഷ്ട്രീയ ചടങ്ങ്.
സൗണ്ട് ആൻഡ് ലൈറ്റ് ഷോ ഉൾപ്പെടെ നടത്താൻ ബിജെപി ആലോചിക്കുന്നുണ്ട്. ഇന്ത്യയുടെ സാംസ്കാരിക പാരമ്പര്യം വിളിച്ചറിയിക്കുന്ന ചടങ്ങാകും നടത്തുക. വിദേശരാജ്യങ്ങളുടെ പ്രതിനിധികൾ ഉൾപ്പടെ 10000 ത്തോളം പേരെയാകും ചടങ്ങിലേക്ക് ക്ഷണിക്കുകയെന്നു റിപ്പോർട്ടുണ്ട്.