തൃശൂർ: ശക്തമായ ത്രികോണ മത്സരം നടന്ന തൃശൂരിൽ വന്പന്മാരെ മലർത്തിയടിച്ച് എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി. വോട്ടെണ്ണലിന്റെ തുടക്കത്തിൽ ഫ്രയിമിൽ പോലും വരാതിരുന്ന നായകൻ ഇന്റർവെല്ലിനു തൊട്ടു മുൻപ് അതിഗംഭീര ഇൻട്രോയുമായി ആറാടുകയായിരുന്നു.
‘ഞാൻ ജയിച്ചാൽ നിങ്ങൾക്ക് ലഭിക്കുന്നത് എന്നെത്തന്നെയാണ്’ എന്ന എസ്ജിയുടെ മാസ് ഡയലോഗടിയിൽ ഇത്തവണ ജനങ്ങൾ വീണെന്ന് അക്ഷരാർഥത്തിൽ പറയാം.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തൃശൂർ എനിക്ക് വേണം തൃശൂർ ഞാനിങ്ങെടുക്കുവാ എന്ന് പറഞ്ഞ് വോട്ട് പിടിക്കാൻ കിണഞ്ഞ് ശ്രമിച്ചിട്ടും തോറ്റ് മടങ്ങേണ്ടി വരികയായിരുന്നു. 2,93,822 വോട്ടുകളാണ് സുരേഷ്ഗോപിക്ക് നേടാൻ സാധിച്ചത്.
സഹോദരപ്പിണക്കം ഇത്തവണ സുരേഷ്ഗോപിക്ക് നേട്ടം കൊയ്യാൻ സാധിച്ചെന്ന്തന്നെ പറയാം. പദ്മജ വേണുഗോപാൽ ബിജെപിയേക്ക് പോയതോടെ കോൺഗ്രസിനുവേണ്ടി ജ്യേഷ്ഠൻ കെ. മുരളീധരൻ വടകരയിൽ നിന്ന് തൃശൂരേക്ക് വരികയായിരുന്നു. തുടക്കത്തിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളുമെന്ന് ധരിച്ച സുരേഷ് ഗോപിയാണ് ഇത്തവണ ഒറ്റക്കുതിപ്പിന് മുന്നിലെത്തിയത്.
എക്സിറ്റ്പോൾ ഫലങ്ങൾ പുറത്തു വന്നപ്പോൾ കേരളത്തിൽ ഇത്തവണ ഒന്നിൽക്കൂടുതൽ വോട്ട് ബാങ്ക് തുറക്കാൻ ബിജെപിക്കാകുമെന്ന് നിസംശയം പ്രവചിച്ച എസ്ജിയുടെ കണക്കുകൂട്ടലുകൾ ശരിയാകുമോയെന്ന് അറിയാൻ കാത്തിരിക്കാം.