പിറവം: പിറവത്തെ പോത്തുപുരാണത്തിന് പരിസമാപ്തി. പിടിയും പോത്തിറച്ചിക്കറിയും വിളന്പിക്കൊണ്ട് കോട്ടയം പാർലമെന്റ് യുഡിഎഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജിന്റെ വിജയം പിറവത്ത് ആഘോഷിച്ചു.
സ്വകാര്യ ബസ്സ്റ്റാൻഡിനു മുന്നിൽ റോഡരികിൽ ഡെസ്ക് നിരത്തി ഇതിനു മുകളിൽ വച്ചാണ് പാചകം ചെയ്തു കൊണ്ടുവന്ന പിടിയും ഇറച്ചിക്കറിയും നൽകിയത്. വോട്ടെണ്ണൽ തുടങ്ങിയ സമയത്ത് എൽഡിഎഫ് സ്ഥാനാർഥി തോമസ് ചാഴികാടനാണ് ലീഡ് ചെയ്തിരുന്നതെങ്കിലും ഇതൊന്നും കണക്കാക്കാതെ രാവിലെ 8.45ഓടെ ഭക്ഷണം വിളന്പിത്തുടങ്ങിയിരുന്നു.
രണ്ടു പോത്തിന്റെ ഇറച്ചി പാചകം ചെയ്ത് പിടിക്കൊപ്പം വിളന്പി നൽകി ഫ്രാൻസിസ് ജോർജിന്റെ വിജയം ആഘോഷിക്കുമെന്ന് മൂന്നാഴ്ച മുന്‍പേ പ്രഖ്യാപിച്ചിരുന്നു.
വിവിധ രാഷ്ട്രീയ കക്ഷികളിൽപ്പെട്ട ജനകീയ മുന്നണിയുടെ നേതൃത്വത്തിലാണു പരിപാടി സംഘടിപ്പിച്ചതെന്ന് പറയുന്നുണ്ടെങ്കിലും നേതൃത്വവുമായി ഭിന്നതയിൽ നിൽക്കുന്ന കേരള കോണ്‍ഗ്രസ്-എം പിറവം നഗരസഭ കൗണ്‍സിലർ ജിൽസ് പെരിയപ്പുറത്തിന്റെ നേതൃത്വത്തിലാണ് പരിപാടി നടത്തിയത്. യുഡിഎഫുകാരുടെ പിന്തുണയും സഹകരണവും ഇതിനുണ്ടായിരുന്നു.
രണ്ടായിരത്തിലധികമാളുകൾ പിടിയും ഇറച്ചിക്കറിയും കഴിച്ചുവെന്ന് ജിൽസ് പെരിയപ്പുറം പറഞ്ഞു. പരിപാടി ഉദ്ഘാടനം ചെയ്തത് പി.ജെ. ജോസഫിന്റെ മകനും കേരള കോണ്‍ഗ്രസ് നേതാവുമായ അപു ജോസഫാണ്.