പാലക്കാട്: ആലത്തൂര്‍ മണ്ഡലത്തിലെ പരാജയത്തെ തുടർന്ന് യുഡിഎഫ് സ്ഥാനാര്‍ഥി രമ്യാ ഹരിദാസിനെതിരേ രൂക്ഷവിമര്‍ശവുമായി പാലക്കാട് ജില്ലാ കോൺഗ്രസ് നേതൃത്വം രംഗത്ത്.
രമ്യയുടെ പരാജയത്തില്‍ നേതൃത്വത്തിന് പങ്കില്ലെന്നും സ്ഥാനാര്‍ഥിയുടെ ഭാഗത്തുനിന്നുണ്ടായ പിഴവുകളും മുതിർന്ന നേതാക്കളെ അനുസരിക്കാത്തതുമാണ് പരാജയത്തിനു കാരണമെന്നും പാലക്കാട് ഡിസിസി പ്രസിഡന്റ് എ. തങ്കപ്പൻ കുറ്റപ്പെടുത്തി.
മുതിര്‍ന്ന നേതാക്കള്‍ അടക്കം നിര്‍ദേശിച്ച കാര്യങ്ങള്‍ സ്ഥാനാര്‍ഥി തെരഞ്ഞെടുപ്പ് പ്രചാരണത്തിലും മറ്റും വേണ്ട രീതിയില്‍ ശ്രദ്ധിച്ചില്ലെന്ന് തങ്കപ്പൻ ചൂണ്ടികാട്ടി. മണ്ഡലത്തിൽ എ.വി. ഗോപിനാഥ് ഫാക്ടര്‍ ആലത്തൂരില്‍ പ്രവര്‍ത്തിച്ചിട്ടില്ലെന്നും ഇതിന്റെ പേരിൽ കുറച്ചു വോട്ടുകൾ മാത്രമാണ് എല്‍ഡിഎഫിന് കിട്ടിയതെന്നും തങ്കപ്പൻ പറഞ്ഞു.
എന്നാൽ ഡിസിസി പ്രസിഡന്റിന്റെ വിവാദ പരാമർശവും കുറ്റപ്പെടുത്തലും ഏതു സാഹചര്യത്തിലാണെന്ന് അറിയില്ലെന്നായിരുന്നു രമ്യയുടെ മറുപടി. തനിക്കു പറയാനുള്ളത് പാര്‍ട്ടി വേദികളില്‍ പറയുമെന്നും വിവാദത്തിനില്ലെന്നും രമ്യാ ഹരിദാസ് പറഞ്ഞു.
എല്ലാ നേതാക്കളുമായും നല്ല രീതിയില്‍ തന്നെയാണ് സഹകരിച്ചതെന്നും തോല്‍വിയുടെ കാര്യം പാര്‍ട്ടി പരിശോധിക്കട്ടെയന്നും രമ്യാ ഹരിദാസ് പറഞ്ഞു.അതേസമയം, തന്റെ നിലപാട് രമ്യയുടെ തോൽവിക്ക് ഒരു ഘടകമായെന്ന് കോണ്‍ഗ്രസ് വിമത നേതാവ് എ.വി. ഗോപിനാഥ് പറഞ്ഞു.
കോൺഗ്രസിന്റെ സംഘടന സംവിധാനം ദുർബലമാണ്. ഇതാണ് ബിജെപിക്ക് വോട്ട് കൂടാൻ കാരണം. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ആര്‍ക്കൊപ്പം നിൽക്കണമെന്ന് ആലോചിച്ചു തീരുമാനിക്കും. പാലക്കാട്ടും തന്റെ സംഘടനാ സ്വാധീനം ശക്തമാണ്.