ന്യൂഡൽഹി: പതിനെട്ടാം ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലങ്ങൾ പുറത്തുവന്നു കഴിഞ്ഞപ്പോൾ സര്‍ക്കാര്‍ രൂപീകരണത്തിന്റെ തിരക്കിലാണു രാജ്യ തലസ്ഥാനം. ഒറ്റയ്ക്ക് ഒരുകക്ഷിക്കും ഭൂരിപക്ഷം കിട്ടാത്തതിനാൽ സഖ്യകക്ഷികളെയും മുന്നണിയിലില്ലാത്തവരെയും കൂടെ നിര്‍ത്താനും എതിർ മുന്നണികളിലുള്ളവരെ അടർത്തിയെടുക്കാനുമുള്ള ശ്രമങ്ങൾ നടന്നുവരുന്നു.
ആര് സർക്കാർ ഉണ്ടാക്കിയാലും ഘടകക്ഷികളുടെ ദാക്ഷിണ്യത്തിലാകും ഭരണം തുടരാനാകുക എന്നതാണു സ്ഥിതി. സീറ്റുകളുടെ എണ്ണത്തിന്റെ കാര്യത്തിൽ പ്രതീക്ഷിച്ചതിന്റെ തൊട്ടടുത്തുപോലും എത്തിയില്ലെങ്കിലും മൂന്നാം സർക്കാർ രൂപീകരണവുമായി മുന്നോട്ടുപോകുകയാണു ബിജെപിയും എന്‍ഡിഎയും.
അതേസമയം സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സാധ്യതകൾ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ഇന്ത്യാ സഖ്യവും തേടുന്നു. എന്‍ഡിഎ സഖ്യകക്ഷികളായ ടിഡിപിയെയും ജെഡിയുവിനെയും കൂടെ നിര്‍ത്താനാകുമോ എന്നാണ് ഇന്ത്യാ സഖ്യം പ്രധാനമായും നോക്കുന്നത്.
സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി ജെഡിയു നേതാവ് നിതീഷ് കുമാറിനെയും ടിഡിപി അധ്യക്ഷൻ ചന്ദ്രബാബു നായിഡുവിനെയും ഇന്നലെത്തന്നെ ഇന്ത്യാ സഖ്യം നേതാക്കൾ ബന്ധപ്പെട്ടിരുന്നു. ഇതിനുപിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത്ഷായും ഇരുനേതാക്കളുമായി ബന്ധപ്പെട്ടു.
ഇരുവരും എന്ഡിഎക്കൊപ്പമാണെന്ന സൂചനകളാണു നൽകിയതെങ്കിലും ഇവരുടെ മുൻകാല നിലപാടുകൾ വച്ച് ഏതുപക്ഷത്തേക്കും ഏതുനിമിഷവും മാറാനുള്ള സാധ്യതകളാണുള്ളതെന്നു രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. ഇതാകട്ടെ ബിജെപിയെയും മോദിയെയും കുറച്ചൊന്നുമല്ല ആശങ്കപ്പെടുത്തുന്നത്.
ആകെയുള്ള 543 സീറ്റിൽ എന്‍ഡിഎയ്ക്ക് 292 സീറ്റും ഇന്ത്യാ സഖ്യത്തിനു 234 സീറ്റുമാണുള്ളത്. മറ്റുള്ളവർക്കു 17 സീറ്റുമുണ്ട്. ബിജെപിക്കു മാത്രമായി 240 സീറ്റും കോൺഗ്രസിന് ഒറ്റയ്ക്ക് 99 സീറ്റും. നിലവിൽ എന്‍ഡിഎയുടെ ഭാഗമായ ടിഡിപിക്കും ജെഡിയുവിനും കൂടി 28 സീറ്റുകളാണുള്ളത്.
ടിഡിപിക്ക് 16 സീറ്റും നീതിഷിന് 12 സീറ്റും. ഈ പാർട്ടികൾ ഇന്ത്യാ സഖ്യത്തിനൊപ്പം നിന്നാൽ സീറ്റെണ്ണം 234ൽനിന്നു 262 ആയി ഉയരും. എന്‍ഡിഎയുടെ സീറ്റ് 264 ആയി കുറയും. സർക്കാർ രൂപീകരിക്കാൻ വേണ്ടത് 272 സീറ്റാണ്. നിലവിൽ മുന്നണിയിൽ ഇല്ലാത്തവരെ കൂടി ചേർത്ത് ഇന്ത്യാ സഖ്യത്തിനു വേണമെങ്കിൽ സർക്കാർ ഉണ്ടാക്കാം.
ടിഡിപിയും ജെഡിയുവും നിലവിൽ എൻഡിഎയെ പിന്തുണച്ചാലും പിന്നീട് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായാൽ ഏതു നിമിഷവും ഇരു കൂട്ടരും മറിയാം. തന്നെയുമല്ല മന്ത്രിസഭാ രൂപീകരണ സമയത്ത് കടുത്ത വിലപേശൽതന്നെയായിരിക്കും ഇരു കൂട്ടരും നടത്തുക. ബിജെപിയുടെ സഖ്യകക്ഷികളിൽ പിന്നീട് വലിയ കക്ഷികളായുള്ളത് ഷിൻഡേയുടെ ഏഴു സീറ്റ് നേടിയ ശിവസേനയും ചിരാഗ് പസ്വാന്റെ അഞ്ചു സീറ്റ് നേടിയ എൽജെപിയുമാണ്. ഇരു കക്ഷികളും അതതു സംസ്ഥാനത്തെ രാഷ്ട്രീയ നില വച്ച് പെട്ടെന്നു മറിയാൻ സാധ്യതയില്ല.
അതേസമയം, സര്‍ക്കാര്‍ രൂപീകരണത്തിന് മുന്നോടിയായി എന്‍ഡിഎയുടെ നിര്‍ണായക യോഗം ഇന്നു നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിലാണ് യോഗം. ഭൂരിപക്ഷം നഷ്ടപ്പെടാതിരിക്കാൻ പരമാവധി വിട്ടുവീഴ്ചയ്ക്ക് ബിജെപി തയാറാകേണ്ടിവരും. മന്ത്രിസഭ രൂപീകരണത്തില്‍ നിതീഷ് നിലപാട് അറിയിച്ചിട്ടില്ലെങ്കിലും ഇന്നു നടക്കുന്ന എന്‍ഡിഎ യോഗത്തില്‍ നിതീഷ് പങ്കെടുക്കുന്നുണ്ട്.
എന്‍ഡിഎയ്ക്കൊപ്പം തുടരുമെന്നു ടിഡിപി വ്യക്തമാക്കിയതും വടക്കുകിഴക്കൻ മേഖലയിലെ ഏഴു സ്വതന്ത്രര്‍ എന്‍ഡിഎയെ പിന്തുണയ്ക്കുമെന്നു സൂചന നൽകിയതും മോദിക്ക് ആശ്വാസമാണ്.
മോദി മൂന്നാം വട്ടം പ്രധാനമന്ത്രിയായാലും പഴയ പ്രഭാവത്തോടെ ഭരിക്കാൻ കഴില്ലെന്ന് ഉറപ്പ്. സഖ്യകക്ഷികളെ തൃപ്തിപ്പെടുത്താൻ വിട്ടുവീഴ്ചകൾക്ക് തയാറാകേണ്ടിവരും. മോദി ഗാരന്റിയുമായി പ്രചാരണം നടത്തിയ ബിജെപിയുടെ മൂന്നാം സർക്കാരിന് ഒരു ഗാരന്റിയും ഉണ്ടാവില്ലെന്നു സാരം.
അതിനിടെ ഭാവിനീക്കങ്ങള്‍ ചര്‍ച്ചചെയ്യാൻ ഇന്ത്യാസഖ്യവും ഇന്നു യോഗം ചേരും. വൈകിട്ട് ആറിന് മല്ലികാര്‍ജുൻ ഖര്‍ഗെയുടെ വസതിയിലാണ് നിര്‍ണായക യോഗം. നിതീഷ് കുമാറിനോടും ചന്ദ്രബാബു നായിഡുവിനോടും ഇന്ത്യാസഖ്യം ചർച്ചകൾ തുടരാനാണു തീരുമാനം.
മറ്റ് സ്വതന്ത്ര പാർട്ടികളെ ഇന്ത്യാ സഖ്യത്തില്‍ എത്തിക്കാനും ശ്രമിക്കും. സർക്കാർ രൂപീകരണ നീക്കങ്ങളിൽ മമത ബാനർജിയും സഹകരിക്കും. വിജയത്തിൽ രാഹുൽ ഗാന്ധിയെ മമത ബാനര്‍ജി അഭിനന്ദനം അറിയിച്ചിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും എതിരെയാണ് ജനവിധിയെന്നും സമാന ചിന്താഗതിക്കാരായ പാർട്ടികളുമായി ചേർന്ന് സർക്കാർ രൂപീകരിക്കാനുള്ള സാധ്യത പരിശോധിക്കുമെന്നും കോൺഗ്രസ് വൃത്തങ്ങൾ പറയുന്നു. സര്‍ക്കാര്‍ രൂപീകരിക്കാൻ കഴിഞ്ഞില്ലെങ്കില്‍ രാഹുല്‍ ഗാന്ധി പ്രതിപക്ഷ നേതാവാകും.
400 സീറ്റെന്ന് അവകാശപ്പെട്ടു പ്രചാരണം നടത്തിയ നരേന്ദ്ര മോദി, ബിജെപിക്കും എൻഡിഎയ്ക്കും സീറ്റുകൾ ഇടിഞ്ഞതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രധാനമന്ത്രി കസേര ഏറ്റെടുക്കരുതെന്നു തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജി ഉൾപ്പെടെ ആവശ്യപ്പെട്ടു.