അന്പലപ്പുഴ: വാറ്റ് കേന്ദ്രത്തിൽ എക്സൈസ് റെയ്ഡ്. ഒരാൾ അറസ്റ്റിൽ. പറവൂരിൽ ആഡംബര വീട് വാടകയ്ക്കെടുത്തു വാണിജ്യാടിസ്ഥാനത്തിൽ വിൽപ്പനയ്ക്കായി നടത്തിവന്ന വാറ്റുകേന്ദ്രത്തിലാണ് ആലപ്പുഴ എക്സൈസ് റേഞ്ച് പാർട്ടിയും സർക്കിൾ പാർട്ടിയും സംയുക്തമായി റെയ്ഡ് നടത്തിയത്.
ഇവിടെ നിന്ന് 2000 ലിറ്റർ കോടയും വാറ്റ് ഉപകരണങ്ങളും 6,000 രൂപയും പിടികൂടി. ചാരായം വാറ്റി വിൽപന നടത്തിവരികയായിരുന്ന ക്രിമിനൽ കേസിലെ പ്രതികൂടിയായ പുന്നപ്ര നോർത്ത് തൂക്കുകുളം രാരീരം വീട്ടിൽ 41 വയസുള്ള അജേഷിനെ അറസ്റ്റ് ചെയ്തു.
ദിവസങ്ങളായി എക്സൈസ് ഷാഡോ ടീമിന്റെ നിരീക്ഷണത്തിലായിരുന്നു ഇയാൾ. പഞ്ചായത്ത് പ്രസിഡന്റിന്റെയും വാർഡ് മെമ്പറുടെയും സാന്നിധ്യത്തിൽ ആയിരുന്നു അറസ്റ്റ്.
പ്രതിയെ ഇന്ന് അമ്പലപ്പുഴ കോടതിയിൽ ഹാജരാക്കും. ആലപ്പുഴ ജില്ലയിലെ മദ്യ/മയക്ക് മരുന്ന് സംബന്ധമായ കുറ്റകൃത്യങ്ങൾ 0477-2230182 / 9400069486 എന്നീ നമ്പരുകളിൽ അറിയിക്കുക.