തിരുവനന്തപുരം,കോഴിക്കോട്: ഉപതെരഞ്ഞെടുപ്പ് ചർച്ചകൾ കോൺഗ്രസിൽ സജീവമാകുന്നു. രാഹുല്‍ ഗാന്ധി വയനാട് ലോക്സഭ സീറ്റ് ഒഴിയുമെന്ന സൂചന ശക്തമായിരിക്കെ ഇവിടെ ആരെ മത്സരിപ്പിക്കണമെന്ന കാര്യത്തിലാണു പ്രധാന ചർച്ച. റായ്ബറേലിയിലും ജയിച്ച രാഹുല്‍ ഗാന്ധി വയനാട് മണ്ഡലം ഒഴിയുമെന്നത് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.
രാഹുലിനു പകരം പ്രിയങ്കാ ഗാന്ധിയുടെ പേരാണ് ആദ്യം ഉയർന്നതെങ്കിലും അവർ മത്സരിക്കാന്‍ തയാറാവുമോ എന്നതിൽ വ്യക്തതയില്ല.
എന്നാൽ ലോക്സഭ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ പരാജയപ്പെട്ട കെ. മുരളീധരന്റെ പേരാണ് ഇപ്പോൾ വയനാടുമായി ബന്ധപ്പെട്ട് സജീവമായി ഉയർന്നു വരുന്നത്.
കോണ്‍ഗ്രസിനും യുഡിഎഫിനും വേണ്ടി ചാവേറായി നിന്ന മുരളീധരന് തൃശൂരില്‍ പരാജയപ്പെട്ടത് കോണ്‍ഗ്രസിനും മുരളീധരനും ഏറെ നിരാശയാണ് സമ്മാനിച്ചത്. തത്കാലം പൊതുരംഗത്തു നിന്നുതന്നെ വിട്ടു നില്ക്കാന് തീരുമാനിച്ചതായും മുരളീധരന് പ്രഖ്യാപനം നടത്തിയിരുന്നു.
പിണക്കത്തിലായ മുരളീധരന് വയനാട് അല്ലെങ്കില്‍ പാര്‍ട്ടിയില്‍ ഉന്നത സ്ഥാനം നല്‍കണമെന്ന നിര്‍ദേശമാണ് ഉയര്‍ന്നിരിക്കുന്നത്. വയനാട്ടില്‍ മുരളീധരനെ സ്ഥാനാര്‍ഥിയാക്കിയാല്‍ ആദ്യം പിന്തുണയ്ക്കുക കോഴിക്കോട് ജില്ലാകമ്മിറ്റി ആയിരിക്കുമെന്ന് ഡിസിസി പ്രസിഡന്റ് കെ. പ്രവീൺ കുമാർ കുമാര്‍ പറഞ്ഞിരുന്നു.
മുരളീധരന് മികച്ച പദവി നല്‍കണമെന്ന കാര്യത്തില്‍ മുസ് ലിം ലീഗ് ഉള്‍പ്പെടെയുള്ള യുഡിഎഫിന്റെ ഘടകകക്ഷികള്‍ക്കും ഒരേ അഭിപ്രായമാണ് നിലനില്‍ക്കുന്നത്. ഇത് കണക്കിലെടുത്താണ് വയനാട് ലോകസ്ഭാ സീറ്റില്‍ ഉപതെരഞ്ഞെടുപ്പ് വന്നാല്‍ മുരളീധരനെ മത്സരിപ്പിക്കണമെന്ന അഭിപ്രായം ഉയര്‍ന്നിട്ടുള്ളത്. ഇനി മത്സര രംഗത്തേക്ക് ഇല്ലെന്നു പ്രഖ്യാപനം നടത്തിയ മുരളീധരന്റെ ഉള്ളിലിരിപ്പ് എന്താകുമെന്നത് ശ്രദ്ധേയമാണ്.
തെരഞ്ഞെടുപ്പ് ഫലംവന്ന ഉടൻ പ്രതികരിച്ച മുരളി പിന്നീട് നിശബ്ദനാണ്. കടുത്ത നീരസത്തില്‍ അദ്ദേഹം തുടരുന്നതായാണ് അടുത്ത വൃത്തങ്ങളില്‍ നിന്നു ലഭിക്കുന്ന സൂചന. വടകരയിലും നേമത്തും തൃശൂരിലും അടക്കം പാര്‍ട്ടി പറഞ്ഞ ഇടത്തെല്ലാം എതിരുപറയാതെ മത്സരിച്ച കെ. മുരളീധരന് തൃശൂരിൽ തോൽക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. തോറ്റതിനേക്കാള്‍ തോറ്റ രീതിയാണ് അദ്ദേഹത്തെ വിഷമിപ്പിച്ചിരിക്കുന്നത്.
തൃശൂരില്‍ തോല്ക്കുകയാണെങ്കില് കേരളത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കാനാണ് തനിക്ക് താല്പര്യമെന്നാണ് മുരളി അടുത്ത നേതാക്കളോട് പറഞ്ഞിരുന്നതെന്നു സൂചനയുണ്ട്. ഇന്ത്യ മുന്നണി അധികാരത്തില്‍ വരാനുള്ള സാധ്യത വിരളമായിരിക്കേ ഒരു എംപി സ്ഥാനത്തേക്കാള്‍ കേരളത്തില്‍ സജീവമാകാനും യുഡിഎഫിനു ഭരണം ലഭിച്ചാൽ മന്ത്രിസ്ഥാനവുമാണ് അദ്ദേഹം മുന്നില്‍ കാണുന്നതെന്നും വിവരമുണ്ട്. വട്ടിയൂര്‍കാവ് ഉള്‍പ്പെടെ സുരക്ഷിതമായ ഒരു മണ്ഡലത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് അദ്ദേഹത്തിന് താല്പര്യമെന്നുമറിയുന്നു.
രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍നിന്നു വിട്ടുനില്ക്കേണ്ടയാളല്ല മുരളി എന്നു കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന് പ്രതികരിച്ചിരുന്നു. ഹൈക്കമാന്‍ഡ് നിലപാടാകും വയനാടിന്റെ കാര്യത്തിൽ നിര്‍ണായകം.പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പും കോണ്‍ഗ്രസിന് പ്രതിസന്ധിസൃഷ്ടിക്കുന്ന സീറ്റാണ്. പാലക്കാട് സിറ്റിംഗ് എംഎല്‍എ ഷാഫി പറമ്പില്‍ വടകര ലോക്സഭാ മണ്ഡലത്തിൽ വിജയിച്ചതോടെ ആറു മാസത്തിനുള്ളില്‍ പാലക്കാട് ഉപതെരഞ്ഞെടുപ്പ് വേണ്ടി വരും. പാലക്കാട് ശക്തമായ വേരോട്ടം ബിജെപിക്കുണ്ട്.
ഈ സാഹചര്യത്തില്‍ അതിശക്തനെതന്നെ രംഗത്തിറക്കി പാലക്കാട് നിലനിര്‍ത്തേണ്ടത് കോണ്‍ഗ്രസിന്റെ ഉത്തരവാദിത്വമാണ്.ഇത് കണക്കിലെടുത്താണ് യുവജന നേതാവ് രാഹുല്‍ മാങ്കൂട്ടത്തിന്റെ പേര് സജീവമായി പരിഗണനയില്‍ വരുന്നത്. പാലക്കാട് ഷാഫിയുടെ അഭിപ്രായത്തിനാവും മുന്‍ഗണന. അങ്ങനെ വന്നാല്‍ രാഹുലിന്റെ പേര് നിര്‍ദേശിക്കാനുള്ള സാധ്യതയും നിലനില്ക്കുന്നു.
ആലത്തൂർ ലോക്സഭാ മണ്ഡലത്തിൽ വിജയിച്ച മന്ത്രി കെ. രാധാകൃഷ്ണന് എംഎല്‍എ പദം രാജിവയ്ക്കുന്നതോടെ ഒഴിവു വരുന്ന ചേലക്കരയില്‍ രമ്യ ഹരിദാസിനെ മത്സരിപ്പിക്കുമോ എന്ന കാര്യവും ചര്‍ച്ചയാവുന്നുണ്ട്. വരും ദിവസങ്ങളില്‍ ഇക്കാര്യങ്ങളാവും കോണ്‍ഗ്രസില്‍ കൂടുതല്‍ ചര്‍ച്ചയാവുക.