കൊച്ചി: ഇടപ്പള്ളിയില്‍ വനം വകുപ്പിന്റെ മേഖലാ ആസ്ഥാന മന്ദിരത്തിനായി ആറു മരങ്ങള്‍ മാത്രമേ മുറിച്ചു മാറ്റുന്നുള്ളൂവെന്ന് വനം വകുപ്പ് ഹൈക്കോടതിയെ അറിയിച്ചു.
കെട്ടിടത്തിനായി 59 മരങ്ങളാണ് മുറിക്കാന്‍ തീരുമാനിച്ചതെങ്കിലും ഏറ്റവും കുറച്ച് മാത്രം മുറിച്ചു നീക്കാന്‍ സഹായകരമാകുന്ന വിധം നിര്‍മാണത്തില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചതായി സാമൂഹിക വനവത്കരണ വിഭാഗം ഡെപ്യുട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പരിസ്ഥിതി ദിനമായ ബുധനാഴ്ച സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അറിയിച്ചു.
ആസ്ഥാന മന്ദിരം നിര്‍മിക്കുന്ന അതേസ്ഥലത്ത് വംശനാശ ഭീഷണി നേരിടുന്ന കൂടുതല്‍ മരങ്ങള്‍ വെച്ചു പിടിപ്പിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
ഇടപ്പള്ളിയില്‍ വനം വകുപ്പിന്റെ ഓഫീസ് സമുച്ചയത്തിന് വേണ്ടി മുറിക്കേണ്ട മരങ്ങളില്‍ 19 എണ്ണം മാറ്റി വച്ചു പിടിപ്പിക്കാനായിരുന്നു നേരത്തെ വനം വകുപ്പ് തീരുമാനിച്ചത്. എന്നാല്‍, ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ നേതൃത്വത്തില്‍ നടന്ന പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പാര്‍പ്പിട സാമൂച്ചയം ഇടപ്പള്ളിയയില് നിന്ന് നെടുമ്പാശേരിയിലേക്ക് മാറ്റും.
ഇതിനായി നബാര്‍ഡിന്റെ അനുമതി തേടുമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. നിര്‍മാണ സ്ഥലത്ത് നിന്ന് മുറിച്ച് നീക്കാന്‍ തീരുമാനിച്ചിട്ടുള്ള മരങ്ങളില്‍ ഒന്നുപോലും അപൂര്‍വ ഇനത്തില്പ്പെട്ടതല്ലെന്ന് നേരത്തെ വനം വകുപ്പ് അറിയിച്ചിരുന്നു.