കോഴിക്കോട്: കെ. മുരളീധരന് പാര്‍ട്ടിയിലേക്കു തിരിച്ചുവരുമെന്നും അദേഹത്തിന് ഓഫര്‍ നല്‍കിയിട്ടുണ്ടെന്നും കെപിസിസി പ്രസിഡന്റ് കെ. സുധാകരന് സൂചിപ്പിച്ചതോടെ, ഓഫറിനെക്കുറിച്ചുള്ള ചര്‍ച്ചയാണ് കോണ്‍ഗ്രസിനുള്ളില്‍ നിറയുന്നത്. തന്റെ മനസിലിരിപ്പ് എന്താണെന്നു മുരളീധരന് വ്യക്തമാക്കിയിട്ടില്ല.
കഴുത്ത് വെട്ടിയാലും ഓഫറിനെക്കുറിച്ചു പറയില്ലെന്നും അത് പാര്‍ട്ടി തീരുമാനിക്കുമെന്നുമാണ് മുരളീധരനുമായുള്ള കൂടിക്കാഴ്ചക്കു ശേഷം കെ. സുധാകരന് വ്യക്തമാക്കിയത്. വേണമെങ്കില്‍ മുരളീധരന് കെപിസിസി പ്രസിഡന്റ് സ്ഥാനം നല്‍കുമെന്നാണ് കെ. സുധാകരന് കണ്ണൂരില്‍ പ്രതികരിച്ചത്.
താക്കോല്‍ സ്ഥാനങ്ങള്‍ പങ്കുവയ്ക്കുന്നതില്‍ സാമുദായിക പ്രീണനം നടത്തുന്ന കോണ്‍ഗ്രസിന് കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് കെ. മുരളീധരനെ കൊണ്ടു വരുന്നത് എളുപ്പമാവില്ല. അങ്ങനെയൊരു റിസ്ക്ക് പാര്‍ട്ടി ഏറ്റെടുത്താലും അദ്ദേഹം അതു സ്വീകരിക്കുമോ എന്നതിലും ഉറപ്പില്ല.
ദേശീയ രാഷ്ട്രീയത്തോടു താത്പര്യമില്ലെന്നു നേരത്തെതന്നെ വ്യക്തമാക്കിയ സാഹചര്യത്തില്‍, വയനാട് സീറ്റ് നല്കിയാലും മുരളീധരൻ സ്വീകരിക്കുമോ വ്യക്തമല്ല. വയനാട്ടില്‍ കളത്തിലിറങ്ങുമെന്ന ഊഹാപോഹങ്ങള്‍ തള്ളിക്കളയുകയാണ് മുരളീധരനോട് അടുത്തവൃത്തങ്ങള്‍. അതേസമയം പ്രിയങ്കാ ഗാന്ധി മത്സരിപ്പിക്കണമെന്ന ആവശ്യവും കോണ്‍ഗ്രസിനുള്ളില്‍ ശക്തമാണ്.
വടകര ലോക്സഭാ മണ്ഡലത്തില്‍നിന്നു ജയിച്ച ഷാഫി പറമ്പില്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കുന്നതോടെ പാലക്കാട്ട് നടക്കാന്‍ പോകുന്ന ഉപതെരഞ്ഞെടുപ്പില്‍ കെ. മുരളീധരന് അവസരം നല്കി പ്രശ്നപരിഹാരത്തിനുള്ള ശ്രമവും നേതൃത്വം നടത്തുന്നുണ്ട്. കേവലം രണ്ടര വര്‍ഷം മാത്രം ആയുസുള്ള സര്‍ക്കാരില്‍ പ്രതിപക്ഷ എംഎല്‍എയായി സമയം കളയാന്‍ കെ. മുരളീധരന് തയാറല്ലെന്നാണ് വിവരം.
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയസാധ്യതയുള്ള സീറ്റ് സ്വന്തമാക്കി മന്ത്രി സ്ഥാനമാണ് കെ. മുരളീധരന് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹവുമായി അടുപ്പമുള്ളവര്‍ സൂചിപ്പിച്ചു. അതുവരെ അനുനയത്തിന്റെ ഭാഗമായി പാര്‍ട്ടി നല്കുന്ന അത്ര മോശമല്ലാത്ത പദവികള്‍ സ്വീകരിക്കുമെന്നും സൂചനകൾ പുറത്തുവരുന്നു.