കണ്ണൂർ: അലവിൽ സ്വദേശിയായ യുവതിയെ അബുദാബിയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് ബന്ധുക്കൾ. അലവിൽ കുന്നാവിന് സമീപത്തെ മൊട്ടമ്മൽ ഹൗസിൽ പരേതനായ സുബ്രഹ്മണ്യന്റെയും സുമയുടെയും ഏകമകൾ എം.പി. മനോഗ്നയെ(31)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവത്തിൽ ഭർത്താവ് ലിനോകിനെ അബുദാബി പോലീസ് കസ്റ്റഡിയിലെടുത്തു.ഞായറാഴ്ചമുതൽ ബന്ധുക്കൾ മനോഗ്നയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല. തുടർന്ന് രണ്ട് ദിവസം കഴിഞ്ഞപ്പോൾ അബുദാബിയിലെ ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. അവർ അന്വേഷിച്ചെത്തിയപ്പോഴാണ് മരണവിവരം അറിയുന്നത്.
ലിനേക് അപ്പോഴും ഫ്ലാറ്റിൽ ഉണ്ടായിരുന്നു. ഇതാണ് ബന്ധുക്കളിൽ സംശയത്തിന് ഇടയാക്കിയത്. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. കൈ ഞെരന്പ് മുറിച്ച നിലയിലായിരുന്നു മനോഗ്ന. ഞായറാഴ്ച രാത്രി ഫ്ലാറ്റിൽ നിന്ന് ബഹളംകേട്ടതായി അയൽവാസികളും പോലീസിന് മൊഴി നൽകിയെന്നാണ് വിവരം.
2021 ഏപ്രിൽ 17നാണ് മേലെ ചൊവ്വ സ്വദേശി ലിനേകും മനോഗ്നയും വിവാഹിതരായത്. ഒന്നരവർഷം മുമ്പ് അബുദാബിയിലെത്തിയ മനോഗ്ന വെബ് ഡവലപ്പറായി ജോലി ചെയ്യുകയായിരുന്നു. സെയിൽസ് മാനേജറാണ് ലിനേക്. മൃതദേഹം നാളെ വീട്ടിലെത്തിച്ച് സംസ്കരിക്കും.