പത്തനംതിട്ട: നിഷ്കര്‍ഷിച്ചിരിക്കുന്ന മാനദണ്ഡം മറികടന്ന് സ്വകാര്യ പ്രാക്ടീസ് നടത്തുന്ന സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്കെതിരേയുള്ള പരാതികളുടെ അടിസ്ഥാനത്തില്‍ നടന്ന പരിശോധനയേത്തുടര്‍ന്ന് പത്തനംതിട്ട, കോഴഞ്ചേരി എന്നിവിടങ്ങളിലായി ആറ് ഡോക്ടര്‍മാര്‍ക്കെതിരേ വിജിലന്‍സ് റിപ്പോര്‍ട്ട്.
ഇവര്‍ക്കെതിരേ വകുപ്പുതല നടപടിക്കു ശിപാര്‍ശ ചെയ്തേക്കും. ഓപ്പറേഷന് പ്രൈവറ്റ് പ്രാക്ടീസിന്റെ ഭാഗമായി ജില്ലയില്‍ മൂന്നിടത്താണ് ഇന്നലെ വിജിലന്‍സ് റെയ്ഡ് നടന്നത്. പത്തനംതിട്ട ജനറല്‍ ആശുപത്രി, കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രി, അടൂര്‍ ജനറല്‍ ആശുപത്രി എന്നിവിടങ്ങളിലെ ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് നടക്കുന്ന സ്ഥലങ്ങളിലാണ് വിജിലന്‍സ് സംഘം പരിശോധനയ്ക്ക് എത്തിയത്.
പത്തനംതിട്ടയില്‍ രണ്ട് ഡോക്ടര്‍മാര്‍ വിജിലന്‍സ് സംഘത്തെ കണ്ട് ഇറങ്ങിയോടി. ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാരാണിവര്‍. ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയവരിലാരോ വിജിലന്‍സിനെ ഉപയോഗിച്ചു തങ്ങളെ കുരുക്കാന്‍ ശ്രമിക്കുന്നുവെന്ന സംശയത്തിലാണ് ഇറങ്ങിയോടിയതെന്ന് ഇവര്‍ പിന്നീട് ഉദ്യോഗസ്ഥരോടു വ്യക്തമാക്കി.
ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് മൂന്നു സംഘങ്ങളായി വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. പത്തനംതിട്ടയില്‍ ടികെ റോഡില്‍ ആലുക്കാസ് ജ്വല്ലറിക്ക് എതിര്‍വശമുള്ള കൊമേഴ്സ്യല്‍ കോംപ്ലക്സില്‍ സ്വകാര്യ പ്രാക്ടീസ് നടത്തിയിരുന്ന രണ്ട് ഡോക്ടര്‍മാരാണ് ഇറങ്ങിയോടിയത്.
ഇവരുള്‍പ്പെടെ പത്തനംതിട്ട ജനറല്‍ ആശുപത്രിിയലെ നാല് ഡോക്ടര്‍മാര്‍ക്കെതിരേയാണ് റിപ്പോര്‍ട്ട്. കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാര്‍ക്കെതിരേയും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. അടൂര്‍ ജനറല്‍ ആശുപത്രി പരിസരത്ത് ഡോക്ടര്‍മാര്‍ പ്രാക്ടീസ് ചെയ്യുന്ന കെട്ടിടത്തില്‍ പരിശോധന നടത്തിയെങ്കിലും ഫ്ളാറ്റുകള്‍ സ്വന്തം പേരില്‍ ആയതിനാല്‍ ഇവര്‍ക്കെതിരേ നടപടി ഉണ്ടായിട്ടില്ല.
നിബന്ധനകള്‍ക്ക് വിധേയമായിട്ടാണ് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്ക് സ്വകാര്യ പ്രാക്ടീസ് അനുവദിച്ചിട്ടുള്ളത്. സ്വന്തം താമസ സ്ഥലത്ത് മാത്രമേ ഇവര്‍ക്ക് രോഗികളെ പരിശോധിക്കാന്‍ അനുവാദമുള്ളൂ. സര്‍ക്കാര്‍ ആശുപത്രിയില്‍ അഡ്മിറ്റായ രോഗികളെയോ ഇവരുടെ ബന്ധുക്കളെയോ സ്വകാര്യ പ്രാക്ടീസ് നടക്കുന്ന സ്ഥലത്തേക്ക് വിളിച്ചു വരുത്താന്‍ പാടുള്ളതല്ല.
വരും ദിവസങ്ങളില്‍ അഡ്മിറ്റാകാന്‍ പോകുന്ന രോഗികളെയും സ്വകാര്യ പ്രാക്ടീസ് നടക്കുന്നിടത്ത് വിളിച്ചു വരുത്തരുത്. സ്വന്തം താമസ സ്ഥലത്ത് അല്ലാതെ പ്രാക്ടീസ് നടത്തുന്നവരെയാണ് വിജിലന്‍സ് നോട്ടമിട്ടത്. പത്തനംതിട്ടയിലെ ഓര്‍ത്തോ പീഡിക് സര്ജന് താമസിക്കുന്നത് അടൂരിലാണ്. അവിടെയും ഇദ്ദേഹം സ്വകാര്യ പ്രാക്ടീസ് നടത്തുണ്ട്. ആ സ്ഥലത്തും വിജിലന്‍സ് സംഘം റെയ്ഡ് നടത്തി.
അവിടെ അപ്പോള്‍ മറ്റ് രണ്ടു ഡോക്ടര്‍മാരാണ് ഉണ്ടായിരുന്നത്. കൊമേഴ്സ്യല്‍ കെട്ടിടങ്ങളില്‍ പ്രാക്ടീസ് നടത്തുന്നവരാണ് ഇറങ്ങിയോടിയത്. ഇവരെ ഇവിടെ കൊണ്ടു വന്ന് വാടക കൊടുത്ത് ഇരുത്തുന്നത് ക്ലിനിക്കല്‍ ലബോറട്ടറി ഉടമകളും മരുന്ന് കമ്പനികളുമൊക്കെയാണെന്ന വിവരവും വിജിലന്‍സിന് ലഭിച്ചിട്ടുണ്ട്.
ആറു ഡോക്ടമാര്ക്കെതിരേയുമുള്ള റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് സമര്‍പ്പിക്കുമെന്ന് ഡിവൈഎസ്പി ഹരിവിദ്യാധരന് പറഞ്ഞു. ഇന്‍സ്പെക്ടര്‍മാരായ പി. അനില്‍കുമാര്‍ അടൂരും കെ. അനില്‍കുമാര്‍ പത്തനംതിട്ടയിലും ജെ. രാജീവ് കോഴഞ്ചേരിയിലും പരിശോധനകള്‍ക്ക് നേതൃത്വം നല്കി.