പത്തനംതിട്ട: ലോക്സഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനേറ്റ കനത്ത തോല്‍വിക്ക് പിന്നാലെ ഇടതു സര്‍ക്കാരിനെയും സിപിഎമ്മിനെയും രൂക്ഷമായി വിമര്‍ശിച്ചു യാക്കോബായ സഭ നിരണം മുന്‍ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. ഇനിയും പാഠം പഠിച്ചില്ലെങ്കില്‍ ബംഗാളിന്റെയും ത്രിപുരയുടെയും ഗതി വരുമെന്ന് ഗീവര്‍ഗീസ് മാര്‍ കൂറിലോസ് ഫേസ്ബുക്കില്‍ കുറിച്ചു.
ഇടതു സര്‍ക്കാരിനും സിപിഎമ്മിനും എതിരായി ഉയര്‍ന്ന ആരോപണങ്ങള്‍ അക്കമിട്ടു നിരത്തി കൊണ്ടാണ് കൂറിലോസ് വിമര്‍ശനം ഉന്നയച്ചത്. മാധ്യമ വേട്ടയും സഹകരണ ബാങ്കുകളിലെ അഴിമതികള്‍ അടക്കമുള്ള കാര്യങ്ങള്‍ എടുത്ത് പറഞ്ഞു കൊണ്ടാണ് വിമര്‍ശനം.
എസ്എഫ്ഐയുടെ അക്രമ രാഷ്ട്രീയം, വിമര്‍ശനങ്ങളോടുള്ള അസഹിഷ്ണുത, അപവാദ പ്രചാരണം, മത സാമുദായിക സംഘടനകളെ അതിരുവിട്ട് പ്രീണിപ്പിക്കുവാനുള്ള ശ്രമങ്ങള്‍, തെറ്റായ സാമ്പത്തിക നയം, മാധ്യമ വേട്ട, ധൂര്‍ത്ത്, സഹകരണ ബാങ്ക് അഴിമതി, തെറ്റായ പോലീസ് നയം തുടങ്ങിയ നിരവധി കാരണങ്ങളാണ് ഈ തോല്‍വിക്ക് കാരണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പിണറായി സര്‍ക്കാരിലെ മന്ത്രിമാരുടെ പ്രകടനം ദയനീയമാണെന്നും അദ്ദേഹം പറയുന്നു. ഭൂരിപക്ഷ മന്ത്രിമാരുടെയും പ്രകടനം ദയനീയമായിരുന്നു. ധാര്‍ഷ്ട്യവും ധൂര്‍ത്തും തുടര്‍ന്നാല്‍ ഇതിലും വലിയ തിരിച്ചടി ഉണ്ടാകും. എപ്പോഴും പ്രളയവും മഹാമാരികളും രക്ഷയ്ക്ക് എത്തണമെന്നില്ല.
കിറ്റ് രാഷ്്ട്രീയത്തില്‍ ഒന്നിലധികം പ്രാവശ്യം ജനങ്ങള്‍ വീഴില്ല. തിരുത്തുമെന്ന് പറയുന്നത് സ്വാഗതാര്‍ഹമാണെന്നും ഗീവര്‍ഗീസ് മാര്‍ കൂറിലോസ് കൂട്ടിച്ചേര്‍ത്തു. ഇടതു രാഷ്്ട്രീയത്തോട് അനുഭാവം പ്രകടിപ്പിച്ചുവന്നിരുന്ന മാര്‍ കൂറിലോസിന്റെ കുറിപ്പ് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്.