വ്യത്യസ്തമായിട്ടുള്ള വിവാഹാഘോഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. അത്തരത്തിലൊരു ‘സീറോ വേസ്റ്റ്’ വിവാഹത്തിന്റെ വീഡിയോയാണ് ഇപ്പോൾ ഇന്റർനെറ്റിൽ ശ്രദ്ധ നേടുന്നത്. ഇവിടെ അലങ്കാരങ്ങൾ മുതൽ അതിഥികൾക്കുള്ള സമ്മാനങ്ങൾ വരെ എല്ലാം ഏറ്റവും പരിസ്ഥിതി സൗഹൃദമായ രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.
കരിമ്പിന്റെ തണ്ട് കൊണ്ടാണ് മണ്ഡപം ഉണ്ടാക്കിയതെന്നും അത് പിന്നീട് വെട്ടി പശുക്കൾക്ക് നൽകുമെന്നും പൂർവി വീഡിയോയിൽ വിശദീകരിച്ചു. ഒറ്റത്തവണ ഉപയോഗിക്കാവുന്ന കട്ട്ലറിക്ക് പകരം, വീണ്ടും ഉപയോഗിക്കാവുന്ന ലോഹ കട്ട്ലറിയാണ് അവിടെ ഉണ്ടായിരുന്നത്. വാഴയിലയിലാണ് അതിഥികൾക്ക് ഭക്ഷണം വിളമ്പിയതും.
അലങ്കാരങ്ങൾക്കായി മാവിന്റെ ഇലകളും തെങ്ങിൻ തണ്ടും ഉപയോഗിച്ചു . വധൂവരന്മാർക്കുള്ള മാലകൾ പോലും ഒരു കഷ്ണം പ്ലാസ്റ്റിക്കില്ലാതെ, പൂർണ്ണമായും കോട്ടൺ നൂലും പൂക്കളും കൊണ്ട് നിർമിച്ചതായിരുന്നു.
അതിഥികൾ കൈകഴുകാൻ ഉപയോഗിക്കുന്ന വെള്ളം മരങ്ങളിലേക്ക് തിരിച്ചുവിടുന്നതിനുള്ള സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ടായിരുന്നു. അതിഥികൾക്ക് സമ്മാനങ്ങൾ നൽകാനായി പുനരുപയോഗിക്കാവുന്ന ചണച്ചാക്കുകളും ഉണ്ടായിരുന്നു.
അടിക്കുറിപ്പിൽ തന്റെ കുടുംബത്തിന്റെ സഹകരണത്തോടെ ഈ “സീറോ വേസ്റ്റ് കല്യാണം” നടത്താൻ തനിക്ക് കഴിഞ്ഞുവെന്നും ഇവന്റ് ആസൂത്രണം ചെയ്യുന്നതിനും സംഘടിപ്പിച്ചതിനും അമ്മയ്ക്ക് നന്ദി പറയുന്നതായും വധു പറഞ്ഞു.
വീഡിയോയ്ക്ക് ഏകദേശം 7.6 ദശലക്ഷം വ്യൂസ് ലഭിക്കുകയും ചെയ്തു. ഇത്തരത്തിലുള്ള ഒരു കല്യാണം നടത്താനുള്ള വധുവിന്റെ പ്രതിബദ്ധതയെ നെറ്റിസൺസ് പ്രശംസിച്ചു.