സുഹൃത്തുക്കളോടൊപ്പമോ കുടുംബാംഗങ്ങളുമായോ യാത്രകൾ പോകുമ്പോൾ ഓർമകൾക്കായി ചിത്രങ്ങൾ ആളുകൾ ഫോണിൽ പകർത്താറുണ്ട്. കടൽത്തീരത്ത് സൂര്യാസ്തമയം കാണാൻ പോകുമ്പോൾ സെൽഫികളോ ഫോട്ടോകളോ എടുക്കുന്നത് പതിവ് സംഭവം തന്നെയാണ്.
എന്നാൽ യാത്രയ്ക്കിടയിൽ ഫോൺ നഷ്ടപ്പെട്ടാലോ? അടുത്തിടെ കർണാടകയിൽ നിന്നൊരു യുവതി അവധിക്കാലം ആഘോഷിക്കുവാനായി കേരളത്തിലെത്തി. ഇതിനിടെ യുവതിയുടെ വിലകൂടിയ ഐഫോൺ നഷ്ടമാവുകയും ചെയ്തു.
കടൽ തീരത്തെ കൂറ്റൻ പാറക്കല്ലുകൾക്കിടയിൽ പെട്ടുപോയ ഐഫോൺ കേരളാ പോലീസും ഫയർ ആൻഡ് റെസ്ക്യൂ ടീമും ചേർന്നാണ് പുറത്തെടുത്തത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാണ്.
@antiliyachalets എന്ന റിസോർട്ടിൻ്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയുടെ അടിക്കുറിപ്പ് ഇങ്ങനെ, ‘ഇന്നലത്തെ അപകടത്തിൻ്റെ ഭാഗമാണ് ഈ വീഡിയോ. ഞങ്ങളുടെ ചാലറ്റിൽ താമസിച്ചിരുന്ന കർണാടക യുവതിയുടെ 150000 വിലയുള്ള ഐഫോൺ കടൽത്തീരത്തെ കൂറ്റൻ പാറകൾക്കിടയിൽ വീണു. എത്ര ശ്രമിച്ചിട്ടും ഒന്നും വീണ്ടെടുക്കാനായില്ല. ശക്തമായ തിരമാലകളും കാറ്റും മഴയും സ്ഥിതിഗതികൾക്ക് വെല്ലുവിളി ഉയർത്തി. എന്നിരുന്നാലും, കേരള ഫയർ ആൻഡ് റെസ്ക്യൂ, ആൻ്റിലിയ ചാലറ്റ് ടീം 7 മണിക്കൂർ പരിശ്രമിച്ചാണ് മൊബൈൽ ഫോൺ വീണ്ടെടുക്കാൻ ശ്രമിച്ചത്. ഇതിന് സഹായിച്ച സുഹൈലിനും കേരള ഫയർ ആൻഡ് റെസ്ക്യൂ ടീമിനും ആൻ്റിലിയ ചാലറ്റ് നന്ദി അറിയിക്കുന്നു’ എന്നാണ് വീഡിയോയുടെ അടിക്കുറിപ്പ്.
ഏതാനും ആഴ്ചകൾക്ക് മുമ്പ് പങ്കിട്ട വീഡിയോയ്ക്ക് ഒരു ദശലക്ഷത്തിലധികം വ്യൂസ് ലഭിച്ചു. രക്ഷാപ്രവർത്തകരുടെ അർപ്പണബോധവും കൂട്ടായ പ്രവർത്തനവും ചിത്രീകരിക്കുന്ന പോസ്റ്റ് ഇൻസ്റ്റഗ്രാമിൽ ശ്രദ്ധ നേടിയിട്ടുണ്ട്. ‘ഗുണ’ സിനിമയിലെ പാട്ടിന്റെ പശ്ചാത്തലത്തിലുള്ള വീഡിയോ ഒരേ സമയം ‘മഞ്ഞുമ്മല്‍ ബോയ്സി’ലെ രക്ഷാപ്രവര്‍ത്തന രംഗത്തെയും ഓര്‍മ്മപ്പെടുത്തുകയും ചെയ്തു.