മയ്യിൽ: പാവന്നൂരിൽ മുങ്ങി മരിച്ച മൂന്ന് വിദ്യാർഥികളുടെ സംസ്കാരം ഇന്ന്. കണ്ണൂർ ഗവ.മെഡിക്കൽ കോളജിൽ നിന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് പാവന്നൂർമെട്ട ബാങ്കിന് സമീപം പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് കുറ്റ്യാട്ടൂർ പൊറോളം പൊതുശ്മശാനത്തിൽ സംസ്കരിക്കും.
പാവന്നൂര്മെട്ട വള്ളുവ കോളനിയിലെ എ.വി. സത്യൻ- പ്രിയ ദമ്പതികളുടെ മകൻ നിവേദ് (21), സത്യന്റെ സഹോദരൻ എ.വി.സജിത്ത്- രമ്യ ദമ്പതികളുടെ മകൻ ജോബിൻ ജിത്ത് (17), ഇവരുടെ ബന്ധു കൂടിയായ കെഎസ്ആർടിസി ഡ്രൈവർ ബാലകൃഷ്ണൻ-ബിന്ദു ദമ്പതികളുടെ മകൻ അഭിനവ് (21) എന്നിവരാണ് മരിച്ചത്. പാവന്നൂർമെട്ട ചീരാച്ചേരി പുഴയിൽ ഇന്നലെ വൈകുന്നേരം നാലോടെയിരുന്നു അപകടം.
ബന്ധുക്കളായ വിദ്യാർഥികൾ പുഴയിൽ മുങ്ങിമരിച്ചതിന്റെ നടുക്കത്തിലാണ് വള്ളുവകോളനിയും പാവന്നൂർ ഗ്രാമവും. അപ്രതീക്ഷിത ദുരന്തത്തിൽ കോളനി ഒന്നാകെ തേങ്ങുകയാണ്. പുഴയരികിലൂടെ നടന്നുപോകുന്നതിനിടെ കരയിടിഞ്ഞ് ഇവർ പുഴയിലേക്ക് വഴുതിവീഴുകയായിരുന്നു.
കനത്തമഴയിൽ പുഴയിൽ വെള്ളം കൂടിയിരുന്നു. ചെളിയും ആഴവുമുള്ള ഭാഗമാണിവിടം. വളപട്ടണം പുഴയുടെ ഭാഗമായ പാവന്നൂർ ചിരാച്ചേരിക്കടവിലാണ് ഇവർ മുങ്ങിത്താഴ്ന്നത്. വീടിന് വിളിപ്പാടകലെയായിരുന്നു അപകടം സംഭവിച്ചത്. മരിച്ച നിവേദിന്റെയും അഭിനവിന്റെയും ജോബിൻ ജിത്തിന്റെയും ഒപ്പമുണ്ടായിരുന്ന ആകാശ് ബഹളം വച്ചതിനെ തുടർന്ന് ചെത്ത് തൊഴിലാളിയായ രാജീവനാണ് ആദ്യം രക്ഷാപ്രവർത്തനത്തിനെത്തിയത്.
തുടർന്ന് ഡ്രൈവറായ വിജേഷും നാട്ടുകാരും ഒന്നടങ്കം രക്ഷിക്കാനിറങ്ങി. പുഴയിൽനിന്ന് രക്ഷിച്ചെങ്കിലും മയ്യിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മൂവരും മരിച്ചു.
നിവേദ് സിഎംഎ വിദ്യാർഥിയാണ്. അഭിനവ് മട്ടന്നൂർ ഗവ. പോളിടെക്നിക് കോളജിലെ വിദ്യാർഥിയും. ജോബിൻ ജിത്ത് പ്ലസ് വൺ പ്രവേശനം കാത്തിരിക്കുകയാണ്. വൈഗയാണ് നിവേദിന്റെ സഹോദരി. ജോബിന്റെ സഹോദരൻ: അനയ്യ്, അഭിനവിന്റെ സഹോദരി: കീർത്തന.