ട്രെയിനുകളുടെ വൈകിയോട്ടം പതിവാകുന്നു; ‘പാളത്തില്‍ പണി കിട്ടി” പാസഞ്ചര്‍ യാത്രക്കാര്‍

TRAINകൊച്ചി: ട്രെയിനുകളുടെ വൈകിയോട്ടം പതിവായതോടെ പാസഞ്ചര്‍ യാത്രക്കാര്‍ക്കു ദുരിതയാത്ര. കൃത്യസമയങ്ങളില്‍ ഓഫീസുകളിലും ജോലിസ്ഥലങ്ങളിലും എത്തേണ്ട ട്രെയിന്‍ യാത്രക്കാര്‍ക്കു ‘പാളത്തില്‍ പണി കിട്ടുന്നത്’ പതിവായിട്ടുണ്ട്. ഒക്ടോബര്‍ ഒന്നിനു റെയില്‍വെ ടൈം ടേബിള്‍ പുനക്രമീകരിച്ചതിനുശേഷം എറണാകുളം-തൃശൂര്‍ റൂട്ടിലും തിരിച്ചും സര്‍വീസ് നടത്തുന്ന പാസഞ്ചര്‍ ട്രെയിനുകളൊന്നും കൃത്യസമയം പാലിക്കുന്നില്ലെന്ന് യാത്രക്കാര്‍ ആരോപിച്ചു.

രാവിലെ ഗുരുവായൂരില്‍ നിന്നു പുനലൂരിലേക്കുള്ള ഫാസ്റ്റ് പാസഞ്ചര്‍ ട്രെയിന്‍ കളമശേരി, ഇടപ്പിള്ളി, എറണാകുളം എന്നിവിടങ്ങളിലേക്കുള്ള നൂറുകണക്കിനു വിദ്യാര്‍ഥികള്‍ക്കും ജോലിക്കാര്‍ക്കും ആശ്വാസമായിരുന്നു. രാവിലെ 8.15നു മുമ്പായി എറണാകുളം നോര്‍ത്തില്‍ എത്തുമെന്നതിനാല്‍ ഇതിനെ ആശ്രയിക്കുന്നവര്‍ നിരവധിയായിരുന്നു. നേരത്തെ കൃത്യസമയം പാലിക്കാറുള്ള ഈ വണ്ടി കഴിഞ്ഞ ഒരാഴ്ചയായി വൈകിയോട്ടമാണ്. എട്ടരയ്ക്കു ശേഷമാണു ഇന്നുള്‍പ്പടെ ഈ വണ്ടി നോര്‍ത്ത് സ്‌റ്റേഷനില്‍ എത്തിയത്.

ഈ വണ്ടിയെ ആശ്രയിച്ച് ഇടപ്പള്ളിയിലും എറണാകുളത്തും പഞ്ചിംഗ് സംവിധാനമുള്ള ആശുപത്രികളിലും മറ്റും ജോലിക്കെത്തുന്നവര്‍ക്കു വൈകുന്നതിന്റെ പേരില്‍ ശമ്പളം കുറയ്ക്കുന്നതും അര്‍ധദിന അവധിയാകുന്നതും മേലധികാരികളുടെ ശകാരം കേള്‍ക്കേണ്ടിവരുന്നതും പതിവായിട്ടുണ്ട്. നേരത്തെ 5.45ന് എറണാകുളം സൗത്തില്‍ നിന്നു യാത്രയാരംഭിച്ചിരുന്ന എറണാകുളം-ഷൊര്‍ണൂര്‍ പാസഞ്ചറിന്റെ പുതിയ സമയം 5.35 ആണ്. കഴിഞ്ഞ ആറു ദിവസത്തിനിടെ പുതിയ സമയത്തില്‍ ഈ ട്രെയിന്‍ യാത്രയാരംഭിച്ചത് ഒരു ദിവസം മാത്രമാണെന്നു യാത്രക്കാര്‍ ചൂണ്ടിക്കാട്ടി.

അഞ്ചരവരെ സ്ഥാപനങ്ങളില്‍ ജോലി ചെയ്യേണ്ടവര്‍ പ്രത്യേക അനുവാദം വാങ്ങിയും ശമ്പളം കുറയ്ക്കുമെന്ന ചട്ടത്തിനു വഴങ്ങിയുമാണു 5.35നുള്ള ട്രെയിന്‍ പിടിക്കാന്‍ നേരത്തെ ഓഫീസുകളില്‍ നിന്നിറങ്ങുന്നത്. എന്നാല്‍ നേരത്തെ വന്നു റെയില്‍വേ സ്റ്റേഷനില്‍ കാത്തിരിപ്പാണു ഫലം. ഷൊര്‍ണൂര്‍ പാസഞ്ചറിന്റെ സമയം 5.45 തന്നെയാക്കണമെന്ന് ഒരു വിഭാഗം യാത്രക്കാര്‍ ആവശ്യപ്പെടുന്നു. ഷൊര്‍ണൂര്‍ പാസഞ്ചറിനു ശേഷം എറണാകുളം സൗത്തില്‍ നിന്നു തൃശൂര്‍ ഭാഗത്തേക്കുള്ളത് രാത്രി 7.35നുള്ള ഗുരുവായൂര്‍ പാസഞ്ചറാണ്. നേരത്തെ ഇതിന്റെ സമയം 7.40 ആയിരുന്നു. അഞ്ചു മിനിട്ടു നേരത്തെയാക്കിയ ഈ ട്രെയിന്റെ വൈകിയോട്ടത്തിനു പരിഹാരമായിട്ടില്ല.

വൈകിയോടുന്ന ഈ വണ്ടിക്കു സ്ഥിരം യാത്രക്കാര്‍ മിഡ്‌നൈറ്റ് പാസഞ്ചറെന്നു വിളിക്കുന്നതിനെ ശരിവയ്ക്കുന്ന രീതിയിലാണ് മിക്ക ദിവസങ്ങളിലെയും സര്‍വീസ്. ഇന്നലെ ഈ ട്രെയിന്‍ എറണാകുളം നോര്‍ത്തില്‍ എത്തിയത് 8.45ന്. ഈയാഴ്ചയിലെ മറ്റു ദിവസങ്ങളിലെയും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ആലപ്പുഴയില്‍ നിന്നെത്തുന്ന പാസഞ്ചര്‍ ട്രെയിനാണ് ഗുരുവായൂരിലേക്കു സര്‍വീസ് നടത്തുന്നത്. വൈകിയോട്ടം പതിവായ ഗുരുവായൂര്‍ പാസഞ്ചറില്‍ യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. വനിതകള്‍ക്കായുള്ള രണ്ടു കംപാര്‍ട്ട്‌മെന്റുകളില്‍ മിക്ക ദിവസങ്ങളിലും കാവലിനുള്ള പോലീസ് മാത്രമാണ് യാത്ര ചെയ്യുന്നത്.

പാസഞ്ചര്‍ ട്രെയിന്‍ യാത്രക്കാരെ ദുരിതത്തിലാക്കുന്ന റെയില്‍വേയുടെ നടപടികള്‍ തിരുത്തി, ട്രെയിനുകള്‍ സമയക്രമം പാലിക്കുന്നത് ഉറപ്പാക്കണമെന്ന് ഇടപ്പള്ളി റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ കണ്‍വീനര്‍ ആര്‍.ഡി. മണികണ്ഠന്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ക്കു നിവേദനം നല്‍കിയിട്ടുണ്ട്. ട്രെയിനുകളുടെ വൈകിയോട്ടം തുടര്‍ന്നാല്‍ പ്രത്യക്ഷ സമരപരിപാടികളിലേക്കു നീങ്ങുമെന്നും അദ്ദേഹം അറിയിച്ചു. എറണാകുളം -ആലപ്പുഴ റൂട്ടില്‍ ട്രെയിനുകള്‍ വൈകിയോടുന്നതിനെതിരെ യാത്രക്കാര്‍ കഴിഞ്ഞ ദിവസം ട്രെയിന്‍ തടഞ്ഞു പ്രതിഷേധിച്ചിരുന്നു.

Related posts