തിരുവനന്തപുരം: പൂജപ്പുരയിൽ ഭക്ഷണം കഴിക്കാനെത്തിയ യുവാക്കളുടെ സംഘം ഹോട്ടൽ ജീവനക്കാരെ മർദിച്ചു. ശനിയാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. മെനുകാർഡിനെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ അവസാനിച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് വിളപ്പിൽശാല സ്വദേശികളായ രണ്ട് യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പൂജപ്പുര ജംഗ്ഷനിലെ അസീസ് ഹോട്ടലിൽ ആദ്യം രണ്ട് യുവാക്കൾ ഭക്ഷണം കഴിക്കാനായി എത്തി. ഇവർ ഹോട്ടൽ ജീവനക്കാരുമായി മെനുകാർഡിനെ ചൊല്ലി തർക്കിച്ചു. തുടർന്ന് ഭക്ഷണം കഴിച്ച ശേഷം പണം നൽകാതെ ഇവർ ഹോട്ടലിൽ നിന്ന് ഇറങ്ങി പോവുകയും, അല്പസമയത്തിന് ശേഷം ഇവർ കൂടുതൽപേരുമായി സ്ഥലത്തെത്തി ജീവനക്കാരെ മർദിക്കുകയായിരുന്നു.
പിന്നീട് ഇവിടെ നിന്ന് പോയ രണ്ട് യുവാക്കൾ വീണ്ടും ഹോട്ടലിലെത്തി സംഘർഷമുണ്ടാക്കി. തുടർന്ന് വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് രണ്ടുപേരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
സംഭവത്തെ കുറിച്ച് ഹോട്ടലുടമ നൗഷാദ് പറയുന്നതിങ്ങനെ… ‘എട്ടരയോടെ രണ്ട് പേര് ഭക്ഷണം കഴിക്കാനായി കടയില്‍ വന്നു. ആദ്യം അവര്‍ ഭക്ഷണം മോശമാണെന്ന് പറഞ്ഞു. തുടര്‍ന്ന് ജീവനക്കാര്‍ പരിഹരിക്കാമെന്ന് പറഞ്ഞ് അവര്‍ ചോദിച്ച സാധനങ്ങള്‍ കൊടുത്തു. കഴിച്ച ശേഷം അവര്‍ ബില്ല് പേ ചെയ്യില്ല, തിരുവനന്തപുരത്തെ ഗുണ്ടകളാണെന്നാണ് പറഞ്ഞത്. പിന്നീട് പത്തോളം പേരെത്തി ജീവനക്കാരെ മര്‍ദ്ദിക്കുകയായിരുന്നു. മൂന്നാമതും അവര്‍ എത്തിയപ്പോഴാണ് പൊലീസ് പിടികൂടിയത്.’