സോഷ്യൽ മീഡിയയിൽ സ്റ്റാറാകാൻ റോഡിൽ അഭ്യാസപ്രകടനങ്ങൾ നടത്തി പണിവാങ്ങുന്ന യുവാക്കളുടെ എണ്ണത്തിൽ കുറവൊന്നുമില്ല. റോഡ് സുരക്ഷാ നിയമങ്ങൾ കർശനമാക്കിയാലും ഇത്തരം പ്രവൃത്തികളിൽ നിന്ന് യുവതലമുറ പിന്മാറുന്നില്ലെന്നത് പച്ചയായ സത്യമാണ്.
ഇത്തരത്തിൽ കഴിഞ്ഞ ദിവസവും ഒരു യുവാവ് ബൈക്കിൽ അഭ്യാസപ്രകടനവുമായി എത്തി. അല്പം വെറൈറ്റിക്കായി ഇയാൾ ടൈറ്റാനിക് സിനിമയിലെ പ്രശസ്തമായ പോസിൽ കാണിക്കുന്നത് പോലെ എഴുനേറ്റ് നിന്ന് രണ്ട് കൈകളും നീട്ടിയാണ് ബൈക്കിൽ സഞ്ചരിച്ചത്.
ഉത്തർപ്രദേശിലെ കാൺപുറിലാണ് സംഭവം. അഭ്യാസപ്രകടനങ്ങളുടെ ദൃശ്യങ്ങൾ യുവാവ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പങ്കിട്ടിരുന്നു. പോസ്റ്റ് പങ്കുവച്ചപ്പോൾ കിട്ടാവുന്ന ലൈക്കുകളുടെയും ഷെയറുകളുടെയും എണ്ണത്തെ കുറിച്ചെ ഇയാൾ ചിന്ദിച്ചുള്ളൂ. എന്നാൽ ദൃശ്യങ്ങൾ വൈറലായതിന് തൊട്ടുപിന്നാലെ നടപടിയെടുത്ത് പോലീസ് രംഗത്തെത്തി.
വീഡിയോയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പോലീസ് മോട്ടോർ വാഹന നിയമം അനുസരിച്ച് 12,0000 രൂപ പിഴ ചുമത്തുകയും ചെയ്തു. സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കും വിധം വാഹനമോടിച്ചതിനാണ് യുവാവിനെതിരേ കേസെടുത്തിരിക്കുന്നത്. ഉന്നാവ് റജിസ്ട്രേഷനിലുള്ള വാഹനമാണ് യുവാവ് ഓടിച്ചിരുന്നതെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
എന്തായാലും ഇത്തരം സംഭവങ്ങൾക്ക് ശിക്ഷ നൽകി എത്രയൊക്കെ പിഴ ചുമത്തിയെന്ന് പറഞ്ഞാലും കാര്യമായ മാറ്റങ്ങൾ ഒന്നും തന്നെ സംഭവിക്കുന്നില്ല. റോഡിലെ അഭ്യാസപ്രകടനങ്ങളുടെ വീഡിയോ പോസ്റ്റ് ചെയ്യാൻ വേണ്ടി മാത്രം ഇൻസ്റ്റഗ്രാമിൽ പ്രത്യേകം പേജുകൾ ഉണ്ടെന്നത് തന്നെ ഇത്തരം കാര്യങ്ങൾക്ക് സമൂഹ മാധ്യമത്തിൽ കിട്ടുന്ന സ്വീകാര്യതയെ തുറന്നു കാണിക്കുന്നു.
Video: Kanpur man's 'Titanic' pose on moving bike invites police action pic.twitter.com/VaDyv4hN3W
— uday sodhi (@udaysodhi26) June 9, 2024