പാരീസ്: ഫ്രാൻസിൽ പാർലമെന്റ് പിരിച്ചുവിട്ട് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണ്‍ പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ദേശീയ അസംബ്ലിയിലേക്കുള്ള ആദ്യഘട്ട തെരഞ്ഞെടുപ്പ് ജൂണ്‍ 30നും രണ്ടാംഘട്ട തെരഞ്ഞെടുപ്പ് ജൂലൈ ഏഴിനും നടക്കും.
യൂറോപ്യൻ യൂണിയൻ തെരഞ്ഞെടുപ്പിൽ 40 ശതമാനം വോട്ടോടെ ഫ്രാൻസിലെ വലതുപക്ഷ പാർട്ടികൾ ഭൂരിപക്ഷം നേടിയിരുന്നു. രാജ്യത്തിന്റെ സാന്പത്തിക പിന്നോക്കാവസ്ഥ എടുത്തു കാട്ടി വലതുപക്ഷം മുന്നേറുന്നതിൽ മാക്രോണ്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
യൂറോപ്യൻ യൂണിയൻ തെരഞ്ഞെടുപ്പിൽ ഫ്രാൻസിലെ തീവ്ര വലതുപക്ഷ പാർട്ടികൾക്ക് ഏകദേശം 40 ശതമാനം വോട്ട് നേടാൻ കഴിഞ്ഞുവെന്ന് മാക്രോണ്‍ അഭിപ്രായപ്പെട്ടു.
ജോർദാൻ ബാർഡെല്ലയുടെ നേതൃത്വത്തിലുള്ള നാഷണൽ റാലി 32.3 മുതൽ 33 ശതമാനം വരെ വോട്ട് നേടിയപ്പോൾ, മാക്രോണിന്റെ റെനൈസൻസ് പാർട്ടിയുടെ നേതൃത്വത്തിലുള്ള സഖ്യം 14.8 മുതൽ 15.2 ശതമാനം വരെ മാത്രമാണ് വോട്ട് നേടിയത്.
ഫ്രാൻസ് ഒരു മാറ്റം ആഗ്രഹിക്കുന്നുവെന്നും അതിനാൽ പൊതുതെരഞ്ഞെടുപ്പ് നടത്തണമെന്നും ബാർഡെല്ല മാക്രോണിനോട് ആവശ്യപ്പെട്ടിരുന്നു.