കോഴിക്കോട്: പന്തീരാങ്കാവില്‍ സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിനെ മര്‍ദിച്ച സംഭവത്തില്‍ വന്‍ ട്വിസ്റ്റ്. നേരത്തേ നല്കിയ മൊഴിയെല്ലാം യുവതി മാറ്റിപ്പറഞ്ഞു. പോലീസിനും മാധ്യമങ്ങള്‍ക്കും മുമ്പില്‍ പറഞ്ഞതെല്ലാം നുണയാണെന്നു വീഡിയോ സന്ദേശത്തിലൂടെ വെളിപ്പെടുത്തി യുവതി രംഗത്തെത്തി.
യുവതിയുടെയും വീട്ടുകാരുടെയും പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരുന്നതിനിടെയാണു വീഡിയോയുമായി യുവതിയുടെ രംഗപ്രവേശം. ഭര്‍ത്താവ് പന്തീരാങ്കാവ് വള്ളിക്കുന്ന് സ്നേഹതീരത്തില്‍ രാഹുല്‍ പി. ഗോപാലന്, അമ്മ ഉഷാകുമാരി, സഹോദരി കാര്‍ത്തിക, സുഹൃത്ത് മാങ്കാവ് കല്യാണി നിലയത്തില്‍ പി. രാജേഷ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കെ.ടി. ശരത്ലാല് എന്നിവരാണു നിലവില്‍ കേസിലെ പ്രതികള്‍.
രാഹുല്‍ ഒഴികെയുള്ള പ്രതികളെല്ലാം മുന്‍കൂര്‍ ജാമ്യത്തിലാണ്. ജര്‍മനിയില്‍ എയ്റോനോട്ടിക്കല്‍ എന്‍ജിനിയറായ രാഹുലിനെ നാട്ടിലെത്തിക്കാനുള്ള നടപടികളുമായി പോലീസ് മുന്നോട്ടുപോകുകയാണ്. യുവതി മജിസ്ട്രേറ്റിനുമുന്നില്‍ രഹസ്യമൊഴി നല്‍കുകയും ചെയ്തിരുന്നു.
മനസിലൊരു കുറ്റബോധമുണ്ടെന്ന ആമുഖത്തോടെയാണ് വീഡിയോ ആരംഭിക്കുന്നത്. സത്യമെന്തെന്നു പറിഞ്ഞില്ലെങ്കില്‍ കുറ്റബോധത്തോടെ ജീവിച്ചു തീര്‍ക്കേണ്ടിവരും. കുറേയധികം നാളുകളിലായി പോലീസിനുമുന്നിലാണെങ്കിലും മാധ്യമങ്ങള്ക്കുമുന്നിലാണെങ്കിലും നുണ പറയേണ്ടിവന്നു. അത്രയും സ്നേഹിച്ച രാഹുലിനെക്കുറിച്ച് മീഡിയാസിനുമുന്നില് അത്രയും മോശമായി പറയേണ്ടി വന്നതില്‍ ക്ഷമ ചോദിക്കുന്നു. ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത തെറ്റാണ് ഞാന്‍ ചെയ്തത്.
ആവശ്യമില്ലാത്ത തെറ്റായ ആരോപണങ്ങള്‍ രാഹുലിനെതിരേ ഉന്നയിച്ചതു തെറ്റാണ്. തന്റെ ഫാമിലിയോട് ഇതില്‍ താത്പര്യമില്ലെന്നു പലപ്പോഴും പറഞ്ഞിട്ടുണ്ട്. നുണ പറയാന്‍ ഒട്ടും താത്പര്യമില്ലായിരുന്നു. എന്നാല്‍ അവരുടെ ഭാഗത്തുനിന്ന് ഒരു പിന്തുണയും നല്‍കിയിരുന്നില്ല. സ്ത്രീധനം നല്‍കാത്തതിനാണ് മര്‍ദിച്ചതെന്നു പറയണമെന്ന് എന്നോടു പറഞ്ഞു.
രാഹുല്‍ ബെല്‍റ്റ് വച്ച് അടിച്ചെന്നതും മൊബൈല്‍ ചാര്‍ജര്‍ കേബിള്‍ ഉപയോഗിച്ച് കഴുത്തില്‍ മുറുക്കിയെന്നതും തെറ്റായ ആരോപണമാണ്. രക്ഷിതാക്കള്‍ ആണ് ഒപ്പംനിന്നത്. ആ സമയത്ത് താന്‍ കണ്‍ഫ്യൂഷനിലായിരുന്നു. പേടിയായതുകൊണ്ട് ഞാന്‍ അവരുടെ കൂടെനിന്നു. മീഡിയയ്ക്കു മുന്നില്‍ കുറെ നുണകള്‍ പറയേണ്ടിവന്നു. ഇതിലൊക്കെ ഖേദമുണ്ട്.
മറ്റൊരു വിവാഹം നടത്തിയ കാര്യം എന്നോടു രാഹുല്‍ പറഞ്ഞിരുന്നു- വീഡിയോയില്‍ യുവതി വ്യക്തമാക്കുന്നു.
“വിവാഹത്തിനു മുൻപേ വിവാഹമോചനം കിട്ടുമെന്നു കരുതിയിരുന്നു. ഇക്കാര്യം എന്റെ വീട്ടുകാരോടു പറഞ്ഞിരുന്നില്ല. രാഹുലുമായുള്ള വിവാഹം മുടങ്ങുമോ എന്നു കരുതി വീട്ടുകാരില്‍നിന്ന് ഒളിച്ചുവയ്ക്കുകയായിരുന്നു. വിവാഹമോചനം ലഭിക്കാത്തതിനാല്‍ വിവാഹം നടത്തേണ്ട എന്ന് രാഹുല്‍ പറഞ്ഞിരുന്നു.
താനാണ് നിശ്ചയിച്ച തീയതിക്കു വിവാഹം നടത്താന്‍ നിര്‍ബന്ധിച്ചത്. 150 പവനും കാറും ചോദിച്ചെന്ന ആരോപണം തെറ്റാണ്. വിവാഹമോതിരവും വസ്ത്രങ്ങളും വാങ്ങിത്തന്നതും വിവാഹത്തിന്റെ ഏറക്കുറെ ചെലവും വഹിച്ചത് രാഹുല്‍ തന്നെയാണ്. രാഹുല്‍ മര്‍ദിച്ചു എന്നതു ശരിയാണ്. അതൊരു തെറ്റിദ്ധാരണയെത്തുടര്ന്നുള്ള തര്‍ക്കത്തിന്റെ പേരിലാണ്. മാട്രിമോണിയലില്‍ പരിചയപ്പെട്ട ആളെ ബ്ലോക്ക് ചെയ്യണമെന്ന് രാഹുല്‍ പറഞ്ഞിരുന്നു. ഞാനത് ചെയ്തില്ല. അതിന്റെ പേരിലാണു തര്‍ക്കമുണ്ടായത്. രണ്ടടിയാണ് എനിക്കുനേരേ ഉണ്ടായത്. തുടര്‍ന്ന് കരഞ്ഞ് ബാത്ത്റൂമിലേക്കു പോയപ്പോള്‍ അവിടെ വീണു. അങ്ങനെയാണ് തലയ്ക്ക് പരിക്കേറ്റത്. ഇക്കാര്യം ഡോക്ടറോട് പറഞ്ഞിരുന്നു. പ്രശ്നം രാഹുലുമായി ഒത്തുതീര്‍ത്തിരുന്നു. പിറ്റേന്നു വീട്ടുകാര്‍ വന്നപ്പോള്‍ അവരാണ് പോലീസ് സ്റ്റേഷനില്‍ കൊണ്ടുപോയത്. എനിക്ക് പോകാന്‍ ഒട്ടും താത്പര്യമുണ്ടായിരുന്നില്ല. പോലീസിനോടും ഇക്കാര്യമാണ് പറഞ്ഞിരുന്നത്.
എന്നാല്‍, രാഹുലിന്റെ കൂടെ പോയാല്‍ രക്ഷിതാക്കള്‍ ഉണ്ടാവില്ലെന്നു ഭീഷണിപ്പെടുത്തി”- യുവതി പറഞ്ഞു. തനിക്ക് തെറ്റുപറ്റിപ്പോയെന്ന് പറയുന്ന വീഡിയോയില്‍ രാഹുലിനോടു പലതവണ മാപ്പു പറയുന്നുണ്ട്.